കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് എന്താണ് കാര്യം എന്ന് ചോദിക്കരുത്. പിഎസ്എല്ലില്‍ ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ പാക് താരങ്ങളും കളിക്കുന്നില്ല. പക്ഷേ മുംബൈ ഇന്ത്യന്‍സ് ടീം പിഎസ്എല്ലിലും എത്തി.

വെസ്റ്റിന്‍ഡീസ് താരമായ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡാണ് അതിന് കാരണക്കാരന്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന്റെ താരമായ റുഥര്‍ഫോര്‍ഡ്, മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗ അണിഞ്ഞ് കളത്തിലിറങ്ങിയാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ട്രോളുകളും സജീവമായി.

കറാച്ചി കിങ്‌സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഏറ്റുമുട്ടിയ ഒന്നാം ക്വാളിഫയറിലാണ് റുഥര്‍ഫോര്‍ഡ് ഐപിഎലിലെ ഗ്ലൗ അണിഞ്ഞ് പിഎസ്എല്ലില്‍ കളിച്ചത്.
സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ കറാച്ചി കിങ്‌സിനു വേണ്ടി ബാറ്റു ചെയ്തവരില്‍ ഒരാള്‍ റുഥര്‍ഫോര്‍ഡായിരുന്നു. മത്സരം കറാച്ചി കിങ്‌സ് ജയിച്ചു. രാജ്യാന്തര മത്സരങ്ങളുടെ തിരക്കുമൂലം പ്ലേഓഫ് മത്സരങ്ങളില്‍നിന്ന് പിന്‍മാറിയ ഇംഗ്ലീഷ് താരം ക്രിസ് ജോര്‍ദാന് പകരമാണ് കറാച്ചി കിങ്‌സ് വിന്‍ഡീസ് താരമായ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ടീമിലെടുത്തത്.

താരം പാകിസ്താനില്‍ എത്തിയപ്പോഴും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ശ്രദ്ധയില്‍ വന്നത്. ഐപിഎല്ലിന് തിരശീല വീണതിനു പിന്നാലെ യുഎഇയില്‍ നിന്നാണ് റുഥര്‍ഫോര്‍ഡ് പിഎസ്എലിനായി പാകിസ്താനിലെത്തിയത്. മുംബൈ ഇന്ത്യന്‍സ് ജഴ്‌സി അണിഞ്ഞാണ് റുഥര്‍ഫോര്‍ഡ് പാകിസ്താനില്‍ വന്നിറങ്ങിയത്. കറാച്ചി കിങ്‌സ് ട്വീറ്റ് ചെയ്തതോടെ ചിത്രം വൈറലാവുകയായിരുന്നു.