മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ കരുവാരകുണ്ട് സ്വദേശി സജാദ് മുഹമ്മദ് അനുഗൃഹം തേടി പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സജാദ് സന്ദര്‍ശിച്ചത്. അഭിമാന നേട്ടത്തിലെത്തിയ സജാദിനെ തങ്ങള്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

മലബാര്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പേര്‍ ഐ.എ.എസ് പ്രവേശനം തേടുന്നുവെന്നത് ചാരിതാര്‍ഥ്യമാണെന്ന് തങ്ങള്‍ പറഞ്ഞു. സജാദ് മുഹമ്മദിനെ പോലെയുള്ളവര്‍ തങ്ങള്‍ കണ്ട സ്വപ്നത്തിന് പിറകെ നിശ്ചയദാര്‍ഢ്യത്തോടെ സഞ്ചരിച്ച് ചരിത്രം കുറിക്കുമ്പോള്‍ അത് സമൂഹത്തിനും സമുദായത്തിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും തങ്ങള്‍ പറഞ്ഞു. സജാദിന്റെ നേട്ടത്തില്‍ അഭിമാനവും അഭിനന്ദനങ്ങളും അറിയിച്ച് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തി.

കരുവാരകുണ്ട് പുല്‍വെട്ട സ്വദേശിയായ സജാദ് മുഹമ്മദ് 390ാം റാങ്കോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കരുവാരകുണ്ട് ജി.എച്ച്.എസ്.എസ് റിട്ട. അധ്യാപകന്‍ അബ്ദുറഹ്മാന്‍ സുല്ലമിയുടെയും സി.ഖദീജയുടെയും മകനാണ്.