മലപ്പുറം: മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്‌ലിം ലീഗ്. മുന്നോക്ക സംവരണം പിന്നോക്ക വിഭാഗക്കാരെ കൂടുതല്‍ കൂടുതല്‍ പിന്നോക്കമാക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംവരവിഭാഗക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോള്‍ മുന്നോക്ക സംവരണം നടപ്പാക്കിയിരിക്കുന്നത്. ഇത് അശാസ്ത്രീയമാണ്. മുന്നോക്ക സംവരണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിനെതിരെ 28ന് തിരുവനന്തപുരത്ത് പിന്നോക്ക വിഭാഗക്കാരുടെ യോഗം ചേരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാര്‍ക്ക് കേരളത്തില്‍ 10 ശതമാനം സംവരണം നടപ്പാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോഴാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ തിരക്കിട്ട് സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കുന്നത്.