ലഖ്‌നൗ: ആട്ടിറച്ചിക്കടകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പറേഷന്‍. ഏപ്രില്‍ 15ഓടെ ലൈസന്‍സ് അവസാനിക്കുന്ന ഇറച്ചിക്കടകള്‍ക്ക് അനുമതി നീട്ടിനല്‍കേണ്ടതില്ലെന്നാണ് കോര്‍പറേഷന്‍ തീരുമാനം. മാട്ടിറച്ചിക്കടകള്‍ക്ക് പൂട്ടിട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മാട്ടിറച്ചിക്കടകള്‍ക്കും കൂച്ചിവിലങ്ങിടുന്നത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഭരണത്തിലേറിയതിന് ശേഷമാണ് അനധികൃത മാട്ടിറച്ചിക്കടകള്‍ നിരോധിച്ചത്. തീരുമാനത്തെത്തുടര്‍ന്ന് ഇറച്ചിക്കടക്കാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. അതിനും ശേഷമാണ് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്ന 147 കടകളുടെ ലൈസന്‍സ് ഏപ്രില്‍ 15ഓടെ പുതുക്കി നല്‍കേണ്ടതില്ലെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കണമെന്നാവശ്യം മുന്‍നിര്‍ത്തി ഇന്നലെ മാംസവ്യാപാരികള്‍ ലഖ്‌നൗവില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കാത്ത ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നിലപാട് തങ്ങളുടെ ഉപജീവനമാര്‍ഗമില്ലാതാക്കുകയാണെന്ന് മാംസവ്യാപാരികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന നിബന്ധനകളനുസരിച്ച് കടകള്‍ നവീകരിക്കാന്‍ ധനസഹായം നല്‍കണമെന്നും വ്യാപാരികള്‍ അറിയിച്ചു.