ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം മല്ല്യക്കെതിരായ കേസുകളില്‍ വിചാരണ നടത്താന്‍ ഇയാളെ വിട്ടുതരണമെന്ന് ഇന്ത്യയുടെ ആവശ്യത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു.

9000കോടിയിലധികം രൂപയാണ് മല്യ വായ്‌പ്പെയെടുത്തിരിക്കുന്നത്. വായ്പ്പ തിരിച്ചടക്കാതെ മല്യ ഇന്ത്യവിട്ട് ലണ്ടനിലേക്ക് കടക്കുകയായിരുന്നു. രാജ്യം വിട്ട മല്യ ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് പറഞ്ഞിരുന്നു. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതുകൊണ്ടോ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതുകൊണ്ടോ ബാങ്കുകള്‍ക്ക് പണം തിരികെ ലഭിക്കില്ലെന്നും മല്യ ലണ്ടനില്‍വെച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞു. തുടര്‍ന്ന് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. 2012ല്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വന്‍ നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.