കൊച്ചി: കള്ളവോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് മുഖം മറച്ച് എത്തുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഞായറാഴ്ച നടക്കുന്ന റീ പോളിങില്‍ മുഖം മറച്ച് വോട്ട് ചെയ്യാനെത്തിയാല്‍ എല്‍.ഡി.എഫ് ചലഞ്ച് ചെയ്യും. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ബൂത്ത് ഏജന്റുമാര്‍ക്കും വോട്ടറെ തിരിച്ചറിയും വിധം മുഖപടം മാറ്റാന്‍ നടപടിയെടുക്കണം.

പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിഞ്ഞ 23ന് മുഖം മറച്ചാണ് കള്ളവോട്ട് ചെയ്യാനെത്തിയത്. കള്ളവോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് മുഖപടം മാറ്റില്ലെന്ന് വാശിപിടിക്കുന്നത്. വോട്ടര്‍ പട്ടികയിലെ പടവും വോട്ട് ചെയ്യാനെത്തുന്നവരുടെ മുഖവും ഒത്തുനോക്കി വേണം വോട്ട് ചെയ്യിപ്പിക്കാനെന്ന് തെരഞ്ഞെടുപ്പ് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യുവില്‍ നില്‍ക്കുന്നതുമുതല്‍ വോട്ട് ചെയ്യുന്നയിടം വരെ മുഖപടം അനുവദിക്കരുതെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.