നാദാപുരം: ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് പതിനേഴാം വാര്‍ഡില്‍ എല്‍ഡിഎഫും എസ്ഡിപിഐയും വോട്ടു ചോദിക്കുന്നത് ഒരേ സ്ഥാനാര്‍ത്ഥിക്ക്. എല്‍ഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ടിവി മുഹ്‌സിനയ്ക്കാണ് എസ്ഡിപിഐയും പിന്തുണ പ്രഖ്യാപിച്ചത്. മുസ്‌ലിംലീഗിലെ സുമയ്യ യൂസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ എസ്ഡിപിഐ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്ക് പന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ നാട്ടില്‍ വൈറലാണ്.

നാദാപുരത്ത് യുഡിഎഫിന്റെ വികസന മുന്നേറ്റത്തെ തകര്‍ക്കാന്‍ സിപിഎം നടത്തുന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് എസ്ഡിപിഐയുമായുള്ള സഖ്യമെന്ന് യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ എംപി സൂപ്പി, കണ്‍വീനര്‍ അഡ്വ. കെഎം രഘുനാഥ് എന്നിവര്‍ ആരോപിച്ചു.

എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയില്‍ ഭീതി പൂണ്ട ചിലരുടെ വ്യാജപ്രചാരണമാണ് ഇത് എന്നാണ് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ സിഎച്ച് മോഹനന്‍ പ്രതികരിച്ചത്.