ന്യൂഡല്‍ഹി: സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി എം.നാഗേശ്വര റാവു ചുമതലയേറ്റു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ തല്‍സ്ഥാനത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റത്. ഡയറക്ടര്‍ സ്ഥാനത്ത് പുതിയ വ്യക്തി നിയമിക്കപ്പെടുന്നതു വരെ നാഗേശ്വര റാവു തുടരും.

സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താല്‍കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റത്.

മോദി, സുപ്രീംകോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍. അലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു.
പരസ്പരം അഴിമതി ആരോപിച്ച സാഹചര്യത്തില്‍ അലോക് വര്‍മയെയും സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കേന്ദ്ര നീക്കത്തിനെതിരെ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.