പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ 426 പരാതികളാണ് തിരഞ്ഞെടുപ്പ് ചട്ടലംഘിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിലവിലുള്ളത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രം പട്ടികയിലില്ല. മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കൊല്‍ക്കത്ത സ്വദേശി മഹേന്ദ്ര സിങാണ് പരാതി നല്‍കിയത്. പ്രസംഗത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒസ്മനാബാദ് തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പരാതി പരിഹരിക്കപ്പെട്ടു എന്നാണ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. ഇത് വെറും സാങ്കേതിക പിശകാണെന്നാണ് കമ്മീഷന്‍ അധികൃതരുടെ വിലയിരുത്തല്‍.