ജമ്മു: തന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന് രാജ്യത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡി.വൈ.എസ്.പി ശ്വേതാംബരി ശര്‍മ്മ. ‘ഒരു സ്ത്രീയായതിനാല്‍ എന്റെ ബുദ്ധിശക്തി ചോദ്യം ചെയ്യപ്പെടുന്നത് അപമാനകരമാണ്. ഇത്തരം സങ്കുജിതമായ പ്രസ്താവനകള്‍ക്ക് ഞാന്‍ എന്താണ് മറുപടി നല്‍കേണ്ടത്. ഈ പ്രസ്താവന നടത്തിയ വ്യക്തിക്ക് മറുപടി നല്‍കാന്‍ ഈ രാജ്യം മുഴുവനുമുണ്ട്’-ശ്വേതാംബരി ശര്‍മ്മ പറഞ്ഞു.

പ്രതികളെ സംരക്ഷിക്കാനായി പ്രകോപനപരമായ പ്രതിഷേധങ്ങള്‍ നടന്നതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍ മാനസിക സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു. നമ്മുടെ നിയമസംവിധാനം ആ കൊച്ചുപെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ശ്വേതാംബരി ശര്‍മ്മ പറഞ്ഞു.

കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഏക വനിതയാണ് ശ്വേതാംബരി ശര്‍മ്മ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രതിഭാഗം അഭിഭാഷകനായ ‘അങ്കൂര്‍ ശര്‍മ്മ ശ്വതാംബരിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. അവള്‍ വെറുമൊരു പെണ്ണാണ്. കേസ് തെളിയിക്കാനുള്ള ബുദ്ധിയൊന്നും അവള്‍ക്കില്ല; മാത്രമല്ല അവളൊരു പുതിയ ഓഫീസറുമാണ്’-ഇതായിരുന്നു അഭിഭാഷകന്റെ പ്രതികരണം.