ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് നാലു കുട്ടികള്‍ അര്‍ഹരായി. കെ.പി ബദറുന്നീസ, ആദിത്യന്‍ എം.പി പിള്ള, അഖില്‍ കെ. ഷിബു, ബിനില്‍ മഞ്ഞളി എന്നിവരാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്. ജനുവരി 23ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് നാലു പേരും റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കും.
കുളത്തില്‍ മുങ്ങിത്താഴ്ന്ന കൂട്ടുകാരിയെയും അമ്മയെയും രക്ഷപ്പെടുത്തിയതിനാണ് പട്ടാമ്പി സ്വദേശിനിയായ കെ.പി ബദറുന്നീസ പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയത്. പെരിയാര്‍ കനാലില്‍ വീണ മൂന്നുപേരില്‍ ഒരാളെ രക്ഷപ്പെടുത്തിയതിനാണ് നെടുമ്പാശ്ശേരി സ്വദേശി ബിനിലിന് പുരസ്‌കാരം നേടികൊടുത്തത്. പമ്പാനദിയില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്നു കുട്ടികളെ രക്ഷപ്പെടുത്തിയതാണ് റാന്നിയിലെ ആദിത്യനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. റാന്നിയിലെ തന്നെ അഖില്‍ കെ.ഷിബുവിന് പുരസ്‌കാരം ലഭിച്ചത് പമ്പയില്‍ വീണ ഒരാളെ സാഹസികമായി രക്ഷപ്പെടുത്തിയതിനെത്തുടര്‍ന്നാണ്. ഇന്ത്യന്‍ ശിശുക്ഷേമ കൗണ്‍സില്‍ നല്‍കുന്ന ഇത്തവണത്തെ 25 അവാര്‍ഡുകളില്‍ ഏറ്റവുമധികം നേടിയത് കേരളമായിരുന്നു.