ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രാഈല്‍ സന്ദര്‍ശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ മുന്നോരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഡോവലിന്റെ സന്ദര്‍ശനം. ഈ വര്‍ഷം മധ്യത്തോടെയാണ് മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കുക. ഇസ്രാഈലിലെത്തിയ അജിത് ഡോവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവുമായി സുരക്ഷാ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. കൂടാതെ ഇസ്രാഈല്‍ സുരക്ഷാ കൗണ്‍സില്‍ തലവന്‍ ജേക്കബ് നാഗലുമായി സംസാരിച്ചു.
ഈ വര്‍ഷം ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നുമുണ്ട്. ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധങ്ങളുടെ രജത ജൂബിലി ആഘോഷിക്കാനും തയാറെടുക്കുകയാണ്. 1950 സെപ്റ്റംബര്‍ 17നാണ് ഇസ്രാഈല്‍ എന്ന രാജ്യത്തെ ഇന്ത്യ അംഗീകരിക്കുന്നത്. 1992ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രമായ ബന്ധങ്ങള്‍ക്ക് തുടക്കമിട്ടു. 2015ല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രാഈല്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സന്ദര്‍ശനം നടത്തി. നവംബറില്‍ ഇസ്രാഈല്‍ പ്രസിഡന്റ് റൂവന്‍ റിവിലില്‍ ഇന്ത്യയിലെത്തിയിരുന്നു.