ജോലി ചെയ്ത ശമ്പളം ലഭിക്കാന്‍ ശൗചാലയത്തിലിരിക്കുന്നതിന്റെ സാക്ഷ്യ പത്രം വേണം. ഗോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് വിചിത്രമായ ഉത്തരവിറങ്ങിയിരിക്കുന്നത്.

സിതാപുരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പലാണ് ഭഗവതി. ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പടെ വ്യക്തി വിവരങ്ങളെല്ലാം സാക്ഷ്യപത്രത്തില്‍ ചേര്‍ത്തു. എന്നാല്‍ ഈ രേഖകളൊന്നും മതിയായിരുന്നില്ല ശമ്പളം ലഭിക്കാന്‍.

ശൗചാലയത്തില്‍ തടി സ്റ്റൂളില്‍ ഇരിക്കുന്ന ചിത്രം അടക്കമുളള സാക്ഷ്യപത്രം അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടി വന്നു.ഇതിന്റെ പകര്‍പ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യപകമായി പ്രചരിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടില്‍ ശൗചാലയമുണ്ടെന്ന സാക്ഷ്യപത്രം ജില്ലാ പഞ്ചായത്ത് ഓഫീസര്‍ക്ക് നല്‍കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് സിതാപുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ശീതള്‍ വര്‍മ പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. ശൗചാലയത്തിന്റെ ചിത്രം അയച്ചു നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മെയ് 27ന് മുമ്പ് ചിത്രം അയച്ചു നല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ പരാതി വ്യപകമായിട്ടുണ്ട്. എന്നാല്‍ അദ്ധ്യാപകരില്‍ ഭൂരിഭാഗവും ചിത്രം അയച്ചു തന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.