വീണ്ടുമൊരു പ്രകൃതിദുരന്തത്തിന്റെ വക്കിലാണ് നാമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴ സൂചിപ്പിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴക്ക് കാരണമായതെങ്കിലും നാലുദിവസത്തേക്ക്കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ അറിയിപ്പ്. ആറുദിവസം തുടരെ പെയ്യുന്ന മഴ സംസ്ഥാനത്തെ വലിയൊരു മഴക്കെടുതിയിലേക്ക് തള്ളിവിട്ടേക്കുമെന്ന വാര്‍ത്തകളാണ് എങ്ങുനിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതിനകം പല ജില്ലകളിലും പുഴകള്‍ കര കവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലകപ്പെടുകയും ചെയ്തിരിക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ദുരന്തം താണ്ഡവമാടുകയാണ്. മഴയും വെള്ളക്കെട്ടും ഏതാനും പേരുടെ മരണത്തിനിടയാക്കിയിരിക്കുന്നു. പാലക്കാട് അടക്കം കൊയ്ത്തുപ്രായമായ നെല്‍കൃഷിയുടെ കാര്യം കഷ്ടമാണ്. ഇന്നലെയും മിനിഞ്ഞാന്നുമായാണ് മഴയുടെ രൂക്ഷത വ്യക്തമായത്. പതിവുപോലുള്ള മഴയായിരിക്കുമെന്നാണ് കരുതിയതെങ്കിലും കാലാവസ്ഥാപ്രവാചകരുടെ പോലും കണക്കുകൂട്ടലുകളെ കവച്ചുവെക്കുന്നതായാണ ്കാണുന്നത്. താഴ്ന്ന പ്രദേശങ്ങളിലെയും താഴ്‌വരകളിലെയും പ്രദേശങ്ങളും വീടുകളും വെള്ളക്കെട്ടിലകപ്പെട്ടത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കുന്നു. ഓഫീസ് പ്രവര്‍ത്തനത്തിനും യാത്രകള്‍ക്കും പ്രയാസം നേരിടുന്നുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍നിന്ന് വലിയ ദുരിത വൃത്താന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സ്ഥിതി മുന്‍കൂട്ടിക്കാണാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതാണ് ദുരിതത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം.

നാലുദിവസകൂടി കനത്തമഴ തുടരുമെന്നും ഒരു ജില്ലയിലൊഴികെ മഴ വ്യാപിക്കുമെന്നും കാലാവസ്ഥാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനകം മുപ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളാണ് മാറിയത്. വീടുകളില്‍ വെള്ളം കയറിയതുമൂലം പലതും പൂര്‍ണമായും ഭാഗികമായും തകര്‍ന്നുകഴിഞ്ഞു. മരം വീണുള്ള കെടുതികളും വേറെ. തീരപ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. കടല്‍ക്ഷോഭംമൂലം തീരത്തെ വീടുകളില്‍ വെള്ളം കയറിയതിനുപുറമെ പല വീടുകളും തകരുകയും ചിലത് ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുമാണ്. മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരംറോഡ് ഇതിനകംതന്നെ അടച്ചിട്ടുണ്ട്. ആദിവാസികളടക്കമുള്ളവരുടെ ദുരിതം ഏറിയതിനോടൊപ്പം ഇവര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും മറ്റും ക്ഷാമം ഒഴിവാക്കേണ്ടതുണ്ട്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മലയടിവാരങ്ങളിലും തീരങ്ങളിലും കനത്ത ജാഗ്രത വേണം. മല്‍സ്യത്തൊഴിലാളികളോട് കഴിഞ്ഞ ഒരാഴ്ചയായി കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ അവരുടെ വരുമാനമാര്‍ഗം മുട്ടിയിരിക്കുകയാണ്. ഈ കുടുംബങ്ങളെയും ആദിവാസി മേഖലയിലേതുപോലെ പരിഗണിച്ചുകൊണ്ടുള്ള ദുരിതാശ്വാസ നടപടികള്‍ വേണ്ടതുണ്ട്. വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ താല്‍കാലിക ക്യാമ്പുകള്‍ മാത്രമായി ഒതുങ്ങരുത്. ഇവരുടെ ഭക്ഷണം അടക്കമുള്ള പ്രാഥമികാവശ്യങ്ങള്‍ക്ക് റവന്യൂ, പട്ടികവിഭാഗ, മല്‍സ്യബന്ധന വകുപ്പുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ഇത്രയൊക്കെയായിട്ടും നാം ഒരു പാഠവും പ്രകൃതിയില്‍നിന്ന് പഠിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നത്.

2018ലെയും 2019ലെയും പ്രളയങ്ങളില്‍ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് സംസ്ഥാനത്ത് കടുത്ത ദുരിതത്തിനിരയായത്. 400ഓളം പേരുടെ മരണവും കോടിക്കണക്കിന് രൂപയുടെ വസ്തു-കൃഷിനാശവും നമ്മുടെ പരമ്പരാഗത പ്രകൃതി ദുരന്തനിവാരണ നയങ്ങളുടെ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടതാണ്. പല വിദഗ്ധ സമിതികളും ശിപാര്‍ശകളും ഇതോടനുബന്ധിച്ചുണ്ടായി. എന്നിട്ടും പ്രശ്‌നത്തിന് ശാശ്വതമായൊരു പരിഹാരം കാണാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നതിന് ഉത്തരവാദികള്‍ ഭരണകൂടവും അധികാരികളുമാണ്. പ്രളയത്തിനിരയായവര്‍ക്ക് പതിനായിരം രൂപ വീതം വിതരണംചെയ്യുമെന്ന് വാഗ്ദാനംചെയ്തിട്ട് അതുപോലും കിട്ടാത്ത കുടുംബങ്ങള്‍ ഇപ്പോഴും നിരവധിയാണ്. ഓരോതവണ റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴും രേഖകള്‍ ശരിയാക്കിവരൂ എന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിക്കാറെന്ന് പരാതിക്കാര്‍ പറയുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ ഇരകളുടെ ആവശ്യത്തിനൊത്ത് ഉയരുന്നില്ല. ദേശിയ ദുരന്തസേനയുടെ സാന്നിധ്യം പലപ്പോഴും ലഭിക്കുന്നത് ആവശ്യം കഴിഞ്ഞശേഷമാണ്. കേരളത്തിന് സ്വന്തമായി എന്‍.ഡി.ആര്‍.എഫ് കേന്ദ്രം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും അത് ചെന്നൈയിലൊതുങ്ങിനില്‍ക്കുന്നു. തമിഴ്‌നാട് ഭാഗത്തുനിന്ന് പൊടുന്നനെ വെള്ളം തുറന്നുവിടുന്നതിനെതിരെ അന്തര്‍ സംസ്ഥാന തലത്തില്‍ നിര്‍ദേശങ്ങളും ചട്ടങ്ങളുമുണ്ടെങ്കിലും അവ ഇന്നും പൂര്‍ണമായും പാലിക്കപ്പെടുന്നില്ല. പറമ്പിക്കുളത്തുനിന്നും ആളിയാറില്‍നിന്നും പൊടുന്നനെ തുറന്നുവിട്ട ജലമാണ ്ഇന്നലെയും കഴിഞ്ഞയാഴ്ചയിലുമായി യഥാക്രമം ചാലക്കുടി, ചിറ്റൂര്‍ പുഴകളില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്. മന്ത്രി-ഉദ്യോഗസ്ഥ തലങ്ങളില്‍ ഏകോപനമില്ലാത്തതാണിതിന് കാരണം. ദുരന്തങ്ങള്‍ വന്നിട്ട് പരിഹാരം കാണുന്നതിനുപകരം വരാതെ തടയുന്നതിനുള്ള യാതൊന്നും പ്രയോഗത്തിലാകാത്തതെന്തുകൊണ്ടാണ്. ചട്ടങ്ങളാകട്ടെ ഇന്നും ഏട്ടില്‍തന്നെ. കേരളം പോലെ ഭൂരിഭാഗവും അതീവ പരിസ്ഥിതി ലോലമായ പ്രദേശത്തിന്റെ നിലനില്‍പ്പിനുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന പ്രകൃതി ചൂഷണവും പഴഞ്ചന്‍ ചട്ടങ്ങളും കാറ്റില്‍പറത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന് തുടര്‍ഭരണക്കാര്‍ക്ക് കഴിയുന്നില്ലെന്നുവരുന്നത് മിതമായി പറഞ്ഞാല്‍ ലജ്ജാകരമാണ്.