ഷംസീര്‍ കേളോത്ത്‌

‘സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്‍ക്കുന്നതെങ്ങനെ?’ എന്നത് 2022 ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിന്റെ പേരാണ.് വളരെയധികം വിറ്റുപോകാനിടയുള്ള പുസ്തകമായിരിക്കും ഇത്. കാരണം മറ്റൊന്നുമല്ല, സ്വേച്ഛാധിപത്യ ഭരണത്തെ തുറന്നെതിര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകയാണ് അതിന്റെ രചയിതാവ് എന്നതാണ്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയവരിലൊരാളായ മരിയ റെസ്സയാണ് ആ മാധ്യമപ്രവര്‍ത്തക. രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാതോവും. മരിയയുടെ വരാനിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുംപോലെ സ്വേച്ഛാധിപത്യത്തോട് അല്ലെങ്കില്‍ സമാന പ്രവണതകളോട് നിരന്തര കലഹത്തിലേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും. നൊബേല്‍ സമ്മാന കമ്മിറ്റി ഈ വര്‍ഷത്തെ സമ്മാനത്തിനായി ഇവരെ തെരഞ്ഞടുത്തശേഷം പറഞ്ഞത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ആവിഷ്‌കാര സ്വാതന്ത്ര്യവും അത് ഉറപ്പാക്കുന്ന മാധ്യമങ്ങളുമെന്നാണ്. മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ സ്വതന്ത്ര നിര്‍ഭയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കുന്നതിലൂടെ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.

അധികാര ദുരുപയോഗം തുറന്ന്കാട്ടിയവര്‍

മരിയ റെസ്സയും ദിമിത്രി മുറാതോവും കലുഷിതമായ സാഹചര്യങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയവരാണ്. അധികാരികളെ അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്തമുള്ളവരാക്കുക എന്ന ദൗത്യം നിര്‍വഹിച്ചവരാണ്. സര്‍ക്കാര്‍ പ്രചാരണങ്ങളും കള്ളങ്ങളും വാര്‍ത്തയായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് നേരിന്റെ ‘മാധ്യമമാവുക’ എന്ന ധര്‍മ്മം പല മാധ്യമങ്ങളും മറന്നുപോവാറുണ്ട്. ഒഴുക്കിനൊപ്പം നീന്തുക എളുപ്പമാണെന്ന് തിരിച്ചറിഞ്ഞ് ഏകാധിപത്യത്തിന് ജനാധിപത്യവിരുദ്ധതയ്ക്ക് കുടപിടിക്കുന്ന പ്രവണത ഏറിവരികയാണ്. ഒഴുക്കിനെതിരെ നീന്തിയാല്‍ പീഡനത്തിന് വിധേയമാക്കപ്പെട്ടേക്കാമെന്ന ഭയം മാത്രമല്ല, അധികാരികള്‍ക്ക് കുടപിടിച്ചാല്‍ അവരുടെ ഹീനമായ ചെയ്തികളെ വെള്ളപൂശിയാല്‍, അത് മറച്ചുപിടിച്ചാല്‍ പരിഗണനയും സൗജന്യങ്ങളും ലഭിച്ചേക്കുമെന്ന ചിന്തയുമാണ് മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും തങ്ങളുടെ ജോലി ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഏറെക്കാലം സി.എന്‍.എന്‍ പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ജോലി നോക്കിയതിന്‌ശേഷം ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനത്തിറങ്ങിയ വ്യക്തിയാണ് മരിയ റെസ്സ. 2012ല്‍ മരിയയും കുറച്ച് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തുടങ്ങിയ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താവെബ്‌സൈറ്റിലൂടെയാണ് അവര്‍ ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്. ഏകാധിപത്യ സ്വഭാവം പലവുരു പ്രകടിപ്പിച്ചിട്ടുള്ള പ്രസിഡന്റ് റോഡ്രിഗോ ദ്യുതര്‍ത്തെയുടെ മയക്കുമരുന്ന് വേട്ട വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായിരുന്നു. പതിനായിരക്കണക്കിണ് പേരാണ് നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. ഫിലിപ്പൈന്‍സില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന്‌വെക്കാന്‍ മരിയക്കും സംഘത്തിനുമായി. ഭരണകൂട വേട്ടയായിരുന്നു നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിണിത ഫലം. നിരവധി കേസുകളാണ് ആ മാധ്യമ സ്ഥാപനവും മേധാവിയെന്ന നിലയില്‍ മരിയയും നേരിട്ടത്. പ്രസിഡന്റ് ദ്യുതര്‍ത്തെ പരസ്യമായി റാപ്ലറിനെതിരെ രംഗത്തെത്തി. മണിക്കൂറില്‍ 90 വീതം തെറിവിളിയാണ് ഓണ്‍ലൈനില്‍ തനിക്കെതിരെ വന്നുകൊണ്ടിരുന്നതെന്ന് മരിയ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഏറെക്കുറെ സമാന അനുഭവമാണ് ദിമിത്രിയുടെതും. സോവിയറ്റ് കാലത്തെ ചാരസംഘടനയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുടിന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെയും എതിര്‍ശബ്ദങ്ങളെയും നിര്‍ദാക്ഷിണ്യമായാണ് നേരിടാറുള്ളത്. സര്‍ക്കാറിനെതിരെയുള്ള ശബ്ദങ്ങളൊക്കെ നിശബ്ദരാക്കപ്പെടുകയാണ് പതിവ്. അവിടെയാണ് ദിമിത്രിയുടെ പത്രത്തിന്റെ പ്രസക്തി. റഷ്യയില്‍ നിലവിലുള്ള ഏക സ്വതന്ത്ര പത്രമാണ് ദിമിത്രി എഡിറ്ററായുള്ള നവായെ ഗസറ്റെയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പത്രത്തിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിലേറെ പേരും സര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്ന്കാട്ടിയവരുമാണ്. അന്ന പൊളിറ്റ്‌കൊസ്‌കായ എന്ന മാധ്യമപ്രവര്‍ത്തക രണ്ടാം ചെച്‌നിയിന്‍ യുദ്ധത്തില്‍ റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ നവായ ഗസറ്റയിലൂടെ തുറന്ന് കാട്ടിയിരുന്നു. 2006ല്‍ തന്റെ വീടിനടുത്ത്‌വെച്ച് അവര്‍ വെടിയേറ്റു മരിച്ചു. വിഷം നല്‍കിയും മര്‍ദ്ദനത്തിന് വിധേയമാക്കിയും വെടിയേറ്റും കൊല്ലപ്പെട്ട ആറോളം നവായ ഗസറ്റ പത്രപ്രവര്‍ത്തകര്‍ക്കാണ് ഈ അവാര്‍ഡെന്നാണ് ദിമിത്രി നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന്‌ശേഷം പ്രതികരിച്ചത്.

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍

സമാധാനത്തിനുള്ള നൊബേല്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കിയുള്ള പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിദ്ദീഖ് കാപ്പനെന്ന മലയാളി പത്രപ്രവര്‍ത്തകന്‍ യു.പിയിലെ ജയിലിലടയ്ക്കപ്പെട്ടതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതെന്നത് യാദൃച്ഛികമാവാം. നിര്‍ഭയമായി സത്യം വിളിച്ചുപറഞ്ഞതിന് ജയിലലടയ്ക്കപ്പെട്ടിട്ടുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് കാപ്പന്‍. മാസങ്ങളും വര്‍ഷങ്ങളുമായി ജയിലഴികള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സമൂലാര്‍ഥത്തില്‍ രണ്ട് രീതിയിലുള്ള പ്രശ്‌നങ്ങളെയാണഭിമുഖീകരിക്കുന്നത്. അതിലാദ്യത്തേത്, ഭരണകൂടത്തിന്റെയും മറ്റ് സാമൂഹ്യ ഗ്രൂപ്പുകളുടെയും ഭാഗത്തുനിന്നുള്ള ശത്രുതാപരമായ സമീപനമാണ്. രണ്ടാമത്തേത്, മാധ്യമധര്‍മ്മം മറക്കുന്നവരായി മാറുന്ന മാധ്യമപ്രവര്‍ത്തകരാണ്. ഒന്ന് പുറത്ത് നിന്നുള്ള ഭീഷണിയാണെങ്കില്‍ രണ്ടാമത്തേത് ആഭ്യന്തരമായുള്ള വെല്ലുവിളിയാണ്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ഞടഎ) എന്ന അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന മാധ്യമസ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 142 ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു. വലിയതോതില്‍ ആള്‍ക്കൂട്ട സൈബര്‍ വിചരാണക്കും തെറിയഭിഷേകങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊല വീഡിയോയില്‍ പകര്‍ത്തിയതിനാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതെന്ന് കുടുംബം ആരോപിച്ചത് ഈയടുത്താണ്. ഫ്രീഡം ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ ഇതൊക്കെ വളരെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷിയും അവര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളുമാണ് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കശ്മീരിലെ മാധ്യമ സെന്‍സര്‍ഷിപ്പ് ഓര്‍വീലിയിന്‍ സ്റ്റേറ്റിനോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന തരത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സക്ക് അവാര്‍ഡ് കിട്ടിയതെങ്കില്‍ ഫ്രീഡം റാങ്കിങ്ങില്‍ ഇന്ത്യ ഫിലിപ്പൈന്‍സിനേക്കാള്‍ പിറകിലാണെന്ന വസ്തുത ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 138ാം സ്ഥാനത്താണ് ഫിലിപ്പൈന്‍സ്. റണാ അയ്യൂബിനെയും രവീഷ് കുമാറിനെയും പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ ഭീകരമാണ്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗ ഭീഷണികള്‍പോലും സര്‍വസാധാരണമായി മാറിയിരിക്കുന്ന സാഹചര്യമാണ്. റഷ്യയിലായാലും ഫിലിപ്പൈന്‍സിലായാലും ഇന്ത്യയിലായാലുമൊക്കെ ഭരണകൂടങ്ങളും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രൂപ്പുകളും മാധ്യമങ്ങളെ നിലക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗം വിമര്‍ശനമുന്നയിക്കുന്നവരെ വിദേശ ചാരന്‍മാരായി മുദ്രകുത്തുക എന്നതാണ്. നിര്‍ഭയമായി ജോലിനോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശ ഫണ്ട് ലഭിക്കുന്നവരാണന്നും രാജ്യദ്രോഹികളാണെന്നും പ്രചരിപ്പിക്കുകയാണ് ചെയ്യുക. ഇത് വഴി പൗരന്‍മാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും അവരുടെ വിശ്വാസ്യത തകര്‍ക്കാനും കഴിയുമെന്ന് അവര്‍ കരുതുന്നു. അതിന് സാധിച്ചില്ലെങ്കില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട കേസുകളില്‍പെടുത്തി വേട്ടയാടുകയാണ് പതിവ്. എന്‍.ഡി.ടി.വി, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഇത്തരം വേട്ടയാടലുകള്‍ നേരിട്ടിട്ടുണ്ട്.
മാധ്യമങ്ങള്‍ നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലുവിളി ഉള്ളില്‍ തന്നെയുള്ള പുഴുക്കുത്തുകളാണ്. അടിയന്തരാവസ്ഥക്കാലത്തെ ചില മാധ്യമങ്ങളുടെ സര്‍ക്കാറനുകൂല സമീപനത്തെ കളിയാക്കി ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞ വാക്കുകള്‍ ഇന്ത്യയിലെ മാധ്യമ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ‘അധികാരികള്‍ കുനിയാന്‍ പറയുമ്പോഴേക്ക് മാധ്യങ്ങള്‍ മുട്ടിലിഴയാന്‍ തുടങ്ങിയിരുന്നു’ എന്നാണ് അന്നത്തെ മാധ്യമ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചത്. ജസ്റ്റിസ് കട്ജു ഈയടുത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത് അടിയന്തരാവസ്ഥ കാലത്തെ ആ സമീപനത്തില്‍ നിന്ന്് ഒരു പടി മുന്നോട്ട് പോയി ഇന്ന് ചില മാധ്യമങ്ങള്‍ ഭരണാധികാരികളുടെ കാല്‍ക്കീഴില്‍ സാഷ്ടാംഗം പ്രണമിക്കുകയാണെന്നാണ്. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍, റണ അയ്യൂബ്, കരണ്‍ഥാപ്പര്‍ തുടങ്ങി ചുരുക്കം ചിലരാണ് ഇന്നും രാജ്യത്ത് മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് സത്യം തുറന്ന്പറയുന്നത്. സര്‍ക്കാറനുകൂല മാധ്യമങ്ങളെ തുറന്നുകാട്ടാന്‍ രവീഷ് കുമാറിനെ പോലെയുള്ളവര്‍ ഉപയോഗിച്ച പദമാണ് ഗോദി മീഡിയ എന്നത്. അധികാരികളുടെ എല്ലാ ചെയ്തികളെയും ന്യായീകരിക്കുന്ന, സര്‍ക്കാര്‍ വിമര്‍ശകരെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കുന്ന ഒരു പറ്റം മാധ്യമങ്ങളെയാണ് ഇങ്ങനെയൊരു പദം കൊണ്ട് അര്‍ഥമാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്തെ പ്രധാനമാധ്യങ്ങളില്‍ പലതും ഈ വിശേഷണത്തിന് അര്‍ഹരാണ് എന്നതാണ് വസ്തുത. പൗരത്വ പ്രക്ഷോഭത്തെയും കര്‍ഷക സമരത്തെയും വക്രീകരിച്ചുകാണിക്കാന്‍ മല്‍സരിക്കുകയായിരുന്നു ഇത്തരം ചാനലുകളും പത്രങ്ങളുമൊക്കെ. ജനരോഷവും പലപ്പോഴും ഇത്തരം മാധ്യമങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയതാണ് രാജ്യത്തെ മാധ്യമസ്വതന്ത്ര്യത്തെപറ്റിയുള്ള ആലോചനക്ക് വഴിവെച്ചത്. നേര് ഉറക്കെ പറയാനും ആരോരുമില്ലാത്ത അരികുവത്കിരക്കപ്പെട്ട സമൂഹങ്ങളുടെ സമുദായങ്ങളുടെ നീതിക്കായുള്ള മുറവിളികള്‍ ലോകത്തെ കേള്‍പ്പിക്കാനുമുള്ള ബാധ്യത ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, ഇരയെ വേട്ടക്കാരനാക്കി അക്രമിക്ക് കൂട്ട്‌നില്‍ക്കുന്നത് മാപ്പര്‍ഹിക്കാത്ത അനീതിയും.