Connect with us

News

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്‌പോരും കടുക്കുന്നു

തലസ്ഥാനമായ തെഹ്റാനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഖൂമിലാണ് ഏറ്റവും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്. ഇവിടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്.

Published

on

തെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മരണം പത്തായി. ശനിയാഴ്ച മാത്രം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ അർധസൈനിക ഉദ്യോഗസ്ഥനാണ്. തലസ്ഥാനമായ തെഹ്റാനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഖൂമിലാണ് ഏറ്റവും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്. ഇവിടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്.

ഹർസിൻ നഗരത്തിൽ പ്രക്ഷോഭകരുടെ കത്തിയാക്രമണത്തിൽ ഒരു അർധസൈനികനും കൊല്ലപ്പെട്ടു. രാജ്യത്തെ 31 പ്രവിശ്യകളിൽ 22 പ്രവിശ്യകളിലായി നൂറോളം നഗരങ്ങളിലാണ് പ്രതിഷേധങ്ങൾ വ്യാപിച്ചിരിക്കുന്നത്. കടുത്ത വിലക്കയറ്റവും കറൻസി തകർച്ചയും ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. നിലവിൽ ഒരു ഡോളറിന് ഏകദേശം 14 ലക്ഷം ഇറാൻ റിയാൽ നൽകേണ്ട അവസ്ഥയാണ്. 2022ൽ മഹ്സ അമീനി സംഭവത്തിനുശേഷം രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, വിഷയത്തിൽ യു.എസ് ഇടപെടാനുള്ള ശ്രമം സാഹചര്യം കൂടുതൽ സങ്കീർണമാക്കി. ഇരു രാജ്യങ്ങളും പരസ്പരം കടുത്ത ഭീഷണികളാണ് മുഴക്കുന്നത്. പ്രക്ഷോഭകരെ കൂട്ടത്തോടെ അടിച്ചമർത്താനാണ് ഇറാൻ സർക്കാരിന്റെ നീക്കമെങ്കിൽ രാജ്യത്തേക്ക് കടന്നുകയറാൻ മടിക്കില്ലെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

ഇതിന് ശക്തമായ ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. യു.എസും ഇസ്രായേലും ഇറാനിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണ അട്ടിമറിക്കായി പ്രക്ഷോഭകരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മുൻ പാർലമെന്റ് സ്പീക്കർ അലി ലറിജാനി ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാൻ യു.എൻ രക്ഷാ സമിതിക്ക് പരാതി നൽകിയതായും അറിയിച്ചു.

അതേസമയം, പ്രക്ഷോഭങ്ങളെ ശക്തമായി നേരിടുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾ എത്രത്തോളം വ്യാപിക്കുമെന്ന്, അന്താരാഷ്ട്ര ഇടപെടൽ സാഹചര്യം എങ്ങനെ മാറ്റിമറിക്കുമെന്നതും വരും ദിവസങ്ങളിൽ നിർണായകമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം; ജില്ലാതല യോഗങ്ങൾ ചേർന്നു

ആദ്യഘട്ടമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ)യുടെ നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും യോഗം ഓൺലൈനായി ചേർന്നു.

Published

on

തിരുവനന്തപുരം: എസ്‌.ഐ.ആർ നടപടികൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. ആദ്യഘട്ടമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ)യുടെ നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും യോഗം ഓൺലൈനായി ചേർന്നു. തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി യും യോഗത്തിൽ പങ്കെടുത്തു.

ഓരോ ജില്ലയിലെയും ബൂത്ത് എണ്ണമനുസരിച്ച് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും, ആവശ്യമായ സൗകര്യങ്ങൾ, സാങ്കേതിക ക്രമീകരണങ്ങൾ എന്നിവ നിശ്ചയിക്കൽ, ജില്ലകളിലെ പൊതുസ്ഥിതിഗതി വിലയിരുത്തൽ തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന അജണ്ട.

സാധാരണ ഉദ്യോഗസ്ഥ വിന്യാസവുമായി ബന്ധപ്പെട്ട് ജില്ലകളിൽ നിന്ന് പൊലീസ് വകുപ്പും ഭരണകൂടവും തയ്യാറാക്കുന്ന രണ്ട് പട്ടികകൾ കമ്മീഷനിലേക്ക് എത്തുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് ആശയവിനിമയം നടത്തി ഒറ്റ പട്ടിക നൽകണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ജില്ലകളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സി.ഇ.ഒ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം ഈ മാസം അഞ്ചിന് ഡൽഹിയിൽ നടക്കും. സി.ഇ.ഒയ്ക്ക് പുറമെ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി യും യോഗത്തിൽ പങ്കെടുക്കും. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന ആരംഭിച്ചു. ഭാരത് ഇലക്ട്രോണിക്സിലെ എൻജിനീയർമാരാണ് യന്ത്രങ്ങൾ പരിശോധിക്കുന്നത്. ഇതിനിടയിൽ എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട് ശനിയാഴ്ചകളിൽ ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗം താൽക്കാലികമായി നിർത്തിവച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നാണ് ധാരണ.

2026 ഫെബ്രുവരി 21നാണ് എസ്‌.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന് സമാന്തരമായി സംസ്ഥാനത്ത് ബൂത്ത് പുനഃക്രമീകരണവും നടന്നു. ഒരു ബൂത്തിൽ പരമാവധി 1150 വോട്ടർമാരെ ഉൾപ്പെടുത്തി പുനഃക്രമീകരണം നടത്തിയതോടെ പുതുതായി 5003 ബൂത്തുകൾ കൂടി രൂപപ്പെട്ടു. ഇതോടെ ആകെ 30,044 ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാകുക.

കോവിഡ് സാഹചര്യത്തിൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ബൂത്തുകൾക്ക് പുറമെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 40,771 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ബൂത്ത് ക്രമീകരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നിർണായകമായ തയ്യാറെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading

News

ഐ.എസ്.എല്ലിന്റെ അനിശ്ചിതത്വത്തിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് വീണ്ടും വിടവ്; നോഹ സദോയി ക്ലബ് വിടുന്നു

സ്റ്റാർ സ്ട്രൈക്കറായ മൊറോക്കൻ താരം നോഹ സദോയിയാണ് ഏറ്റവും പുതിയതായി മഞ്ഞപ്പടയെ വിട്ടത്.

Published

on

കൊച്ചി: ഐ.എസ്.എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ സ്വന്തം കരിയറിനെ മുൻനിർത്തി കൂടുതൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്ലബ് വിടുന്നു. സ്റ്റാർ സ്ട്രൈക്കറായ മൊറോക്കൻ താരം നോഹ സദോയിയാണ് ഏറ്റവും പുതിയതായി മഞ്ഞപ്പടയെ വിട്ടത്. ലോൺ അടിസ്ഥാനത്തിൽ വിദേശ ക്ലബിലേക്കാണ് നോഹയുടെ നീക്കം.

കഴിഞ്ഞ വ്യാഴാഴ്ച ടീം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും സമാനമായി ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബിലേക്കു ചേക്കേറിയിരുന്നു. നോഹയും ക്ലബും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് താരത്തിന്റെ പുറത്തേക്കുള്ള നീക്കമെന്നും, 2025–26 സീസണിൽ വിദേശ ക്ലബിനുവേണ്ടി കളിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

2024 ജൂലൈയിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന നോഹ, കഴിഞ്ഞ സീസണിൽ മാത്രം 19 മത്സരങ്ങളിൽ ഇറങ്ങി ഏഴ് ഗോളുകൾ സ്വന്തമാക്കിയിരുന്നു. ടീമിന്റെ ആക്രമണ നിരയിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ വിടവ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

തീരുമാനം ഹൃദയഭാരത്തോടെയാണെന്ന് നോഹ സദോയി പ്രതികരിച്ചു. തന്റെ ജീവിതം സമർപ്പിച്ച കായിക വിനോദത്തിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും, ഐ.എസ്.എൽ നിർത്തിവെച്ച സാഹചര്യമാണ് പോകാനുള്ള കാരണമെന്നും താരം വ്യക്തമാക്കി. ഇത് എന്നെന്നേക്കുമായുള്ള വിടപറയൽ അല്ലെന്നും, ‘ഉടൻ കാണാം’ എന്ന വാഗ്ദാനത്തോടെയാണ് യാത്രയെന്നും നോഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടുതൽ സ്നേഹത്തോടെയും പ്രതീക്ഷയോടെയും ശക്തിയായി തിരിച്ചുവരുമെന്നും താരം ആരാധകർക്ക് ഉറപ്പുനൽകി.

Continue Reading

Film

ദളപതി വിജയ്‌യുടെ ‘ജനനായകൻ’ ട്രെയ്‌ലർ പുറത്ത്; റീമേക്കാണോ അല്ലയോ എന്ന ചർച്ച വീണ്ടും സജീവം

സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.

Published

on

ചെന്നൈ: ദളപതി വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.

തെലുങ്കിൽ ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ‘ജനനായകൻ’ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ നിലനിന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഈ വിഷയത്തിൽ സംവിധായകൻ എച്ച്. വിനോദ് പ്രതികരിച്ചിരുന്നു. “ഇത് റീമേക്കാണോ, പകുതി റീമേക്കാണോ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ – ഇതൊരു ദളപതി വിജയ് ചിത്രം തന്നെയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചിത്രം റീമേക്കാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത അദ്ദേഹം നൽകിയിരുന്നില്ല.

ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്‌ലർ കണ്ട ആരാധകർ പറയുന്നത്, ചിത്രത്തിന്റെ വലിയൊരു ഭാഗം ‘ഭഗവന്ത് കേസരി’യിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സൂചിപ്പിക്കുന്ന ഒരു ഉപകഥ കൂടി ആ കഥയോട് ചേർത്തിട്ടുണ്ടെന്നും ഫാൻസ് ചൂണ്ടിക്കാട്ടുന്നു. ട്രെയ്‌ലറിന്റെ അവസാനം പ്രത്യക്ഷപ്പെടുന്ന റോബോട്ട് ദൃശ്യങ്ങൾ ചിത്രത്തിൽ സയൻസ് ഫിക്ഷൻ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചന നൽകുന്നതായും ആരാധകർ വിലയിരുത്തുന്നു.

അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യൻ സൂര്യനാണ്. എഡിറ്റിങ് പ്രദീപ് ഇ. രാഘവാണ് കൈകാര്യം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ‘പരാശക്തി’യോടൊപ്പം ക്ലാഷ് റിലീസായാണ് ‘ജനനായകൻ’ തിയേറ്ററുകളിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Continue Reading

Trending