കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. 163 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കുവൈത്ത് എയര്‍വേസിന്റെ കെ.യു 357 വിമാനമാണ് തെന്നിമാറിയത്.

തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ 4.21നാണ് സംഭവം. വിമാനം തെന്നിമാറിയതിനെത്തുടര്‍ന്ന് റണ്‍വേയില്‍ ചില ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വിമാനം ലാന്റു ചെയ്യുമ്പോള്‍ ശക്തമായ കാറ്റും മഴയും ഉണ്ടായതാണ് അപകടത്തിന് കാരണമായത്. ഇതേതുടര്‍ന്ന് മധ്യരേഖയില്‍ ഇറങ്ങേണ്ട വിമാനം ഏതാനും മീറ്ററുകള്‍ വലത്തോട്ട് മാറിയാണ് ഇറങ്ങിയത്. പിന്നീട് യാത്രക്കാരെ സുരക്ഷിതരായി ഇറക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്നെത്തിയ ഇന്റിഗോ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പിന്നീട് രാവിലെ ഏഴരയോടെയണ് വിമാനം തിരികെ കൊച്ചിയിലെത്തിയത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ കുവൈത്ത്് എയര്‍വെയ്‌സ് വിമാനം സുരക്ഷ പരിശോധനകള്‍ക്ക് ശേഷം രാവിലെ 9.30 യോടെ കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്നു.