കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ് മെമ്മോറിയല്‍ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് കുട്ടികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും മറ്റുകുട്ടികള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ 10 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ് 24 കുട്ടികളാണ് മരിച്ചത്. കുട്ടികളെ കൂടാതെ ബസ് ഡ്രൈവറും രണ്ട് അധ്യാപകരും മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുട്ടികളെ പൂര്‍ണമായും ബസില്‍ നിന്ന് പുറത്തെടുത്തിട്ടില്ലാത്തതിനാല്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.പരിക്കേറ്റ കുട്ടികളെ നൂര്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ പത്താന്‍കോട്ട് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരെ സഹായിക്കാന്‍ സേനയെ അയക്കുകയും മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഹിമാചല്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.