ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദം തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഭാവിയില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. യു.ഡി.എഫിലേക്കു മടങ്ങാനുള്ള നിബന്ധനയായി കേരള കോണ്‍ഗ്രസ് ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ ധാരണയായത്.

രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം കുറഞ്ഞുവരുന്നത് പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ഈ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നും ഭാവിയില്‍ വരുന്ന ഒഴിവുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. രാജ്യസഭാ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു മടങ്ങുന്നതില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളാണ് കേരളത്തില്‍നിന്ന് ഒഴിവു വരുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇതില്‍ രണ്ടെണ്ണത്തില്‍ എല്‍.ഡി.എഫിനും ഒരു സീറ്റില്‍ യു.ഡി.എഫിനുമാണ് വിജയസാധ്യത.

അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപം ശക്തമാകുന്നതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥി തന്നെയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ കത്ത് നല്‍കി. സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നില്ലെന്നു വ്യക്തമാക്കുന്ന കത്തില്‍ സീറ്റ് നല്‍കാവുന്ന ആറു നേതാക്കളുടെ പേര് കുര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എം.എം ഹസന്‍, വി.എം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി ചാക്കോ, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ തനിക്ക് പകരമായി രാജ്യസഭാ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാന കോണ്‍ഗ്രസില്‍ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരെ യുവനേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.