ലണ്ടന്‍: പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ‘നിയന്ത്രണാതീതമാണ്’ എന്ന മുന്നറിയിപ്പിനു പിന്നാലെ യുകെയില്‍നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. യുകെയില്‍നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നെതര്‍ലന്‍ഡ് നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജര്‍മനി അറിയിച്ചു.

ജനുവരി 1 വരെയാണു നെതര്‍ലന്‍ഡിന്റെ വിമാന നിരോധനം. ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയം അറിയിച്ചു. ബ്രിട്ടിഷുകാര്‍ അവരുടെ ക്രിസ്മസ് പദ്ധതികള്‍ റദ്ദാക്കി വീട്ടില്‍ത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ഥിതി ഗുരുതരമാണെന്നു യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും പറഞ്ഞു.

രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ബ്രിട്ടനില്‍ കോവിഡ് കേസുകളും ആശുപത്രി വാസവും കൂടി. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്. പുതിയ വൈറസ് ഉയര്‍ന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്‌സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവില്‍ തെളിവുകളില്ല.