പത്തനംതിട്ട: സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരെ രൂക്ഷവിര്‍ശനവുമായി സി.പി.ഐ.എമ്മിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നതെന്നുമുള്ള രൂക്ഷവിമര്‍ശനമാണ് സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്.

തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സി.പി.ഐ.എം നേതൃത്വം ഉടന്‍ ആലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാനത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ഇത്രയധികം സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്നത്.

എല്‍.ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതാണ് സി.പി.ഐയുടെ നിലപാടുകള്‍. വരും തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയുമായി സഖ്യം വോണോ എന്ന കാര്യം ആലോചിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഇന്നലത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലും സി.പി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉണ്ടായത്.അതേസമയം അടൂരിലെ സി.പി.ഐ എം.എല്‍.എയായ ചിറ്റയം ഗോപകുമാര്‍ ഇനി തെരഞ്ഞെടുപ്പില്‍ നിന്നാല്‍ വിജയിപ്പിക്കില്ലെന്ന പരാമര്‍ശമായിരുന്നു പന്തളം ഏരിയാ കമ്മറ്റി ഇന്നലെ ഉയര്‍ത്തിയത്. സി.പി.ഐക്കെരിരായ വിമര്‍ശനം എല്‍.ഡി.എഫില്‍ കൂടുതല്‍ ഭിന്നതക്കു വഴിയൊരുക്കും. നേരത്തെ പിണറായി സര്‍ക്കാറിന്റെ പല നടപടികളും ചോദ്യം ചെയ്ത സി.പി.ഐ വിമര്‍ശനത്തെ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.