ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് 2.12ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 18ഉം ജെ.ഡി.എസില്‍ നിന്ന് ഒന്‍പതും പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിമാരുടെ പട്ടിക ഇരുപാര്‍ട്ടികളും ഇതുവരെ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല.

ജെ.ഡി.എസിലാണ് തര്‍ക്കം രൂക്ഷം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ഊര്‍ജം, പൊതുമരാമത്ത് വകുപ്പുകള്‍ വേണമെന്ന എച്ച്.ഡി രേവണ്ണയുടെ നിലപാടും കുമാരസ്വാമിക്ക് തലവേദനയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.

അധികാരമേറ്റതിനുശേഷം കര്‍ണ്ണാടകയില്‍ ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ പുതിയ കാര്‍ വാങ്ങരുതെന്നും നിലവിലെ കാര്‍ നവീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ലോണുകള്‍ എഴുതിതള്ളുന്നതുള്‍പ്പടെ കര്‍ഷകക്ഷേമ നടപടികള്‍ കൈക്കൊള്ളുന്ന സാഹചര്യത്തിലാണ് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനായി മന്ത്രിമന്തിരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതും മുഖ്യമന്ത്രി വിലക്കുകയായിരുന്നു. മന്ത്രിമാര്‍ മാത്രമല്ല മറ്റുവകുപ്പുകളും ഈ വര്‍ഷം പുതിയ കാര്‍ വാങ്ങരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളുമെന്ന് കുമാരസ്വാമിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നു. അടുത്തിടെ രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ കുമാരസ്വാമിയുടെ രണ്ടുപരാമര്‍ശങ്ങളും വിവാദമായിരുന്നു.