ന്യൂയോര്‍ക്ക്: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് വിരാട് കോഹ്‌ലി. പട്ടികയില്‍ 83-ാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയുടെ വരുമാനം ഏകദേശം 161 കോടി രൂപയാണ്.

അമേരിക്കന്‍ ബോക്‌സിങ് ചാമ്പ്യന്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. രണ്ടായിരം കോടി രൂപയോളമാണ് മെയ്‌വെതറിന്റെ വരുമാനം. പ്രതിഫലത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പ്രതിഫലം ആയിരം കോടിയോളമാണ്.

ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 കായിക താരങ്ങളുടെ പട്ടികയില്‍ ഒരു വനിത പോലുമില്ല. പട്ടികയില്‍ 40 പേരും ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ്. 18 റഗ്ബി താരങ്ങളും ഒമ്പത് ബേസ് ബോള്‍ താരങ്ങളും പട്ടികയിലുണ്ട്.