ദോഹ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സന്ദര്‍ശനനാനുഭവം പ്രദാനം ചെയ്യുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡിസ്‌ക്കവര്‍ ഖത്തര്‍ പദ്ധതി വിപുലീകരിക്കുന്നു. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണിത്.
ഖത്തര്‍ മുഖേന യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നഗരസന്ദര്‍ശനത്തിനും മരുഭൂമിയില്‍ പര്യടനം നടത്തുന്നതിനും മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. സന്ദര്‍ശന ടൂറില്‍ കൂടുതല്‍ വിഭാഗങ്ങള്‍, സ്ഥലങ്ങള്‍, സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഡിസ്‌കവര്‍ ഖത്തര്‍ പദ്ധതിയില്‍ മരുഭൂമി സവാരി, നഗരയാത്ര, കലയും സംസ്‌കാരവും പൈതൃകവും പ്രതിഫലിക്കുന്ന കത്താറ കള്‍ച്ചറല്‍ വില്ലേജ് സന്ദര്‍ശനം, പരമ്പരാഗത ആഭരണങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കായുള്ള സൂഖ് വാഖിഫ്, ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ഷോപ്പിങ് നടത്തുന്നതിനായി പേള്‍ ഖത്തര്‍,ഖത്തര്‍ മ്യൂസിയംസ്, ആര്‍ട് ഗ്യാലറി സന്ദര്‍ശനം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക്, മോണ്‍സ്റ്റര്‍ ബസുകളോ ആഡംബര 4-4 വാഹനങ്ങലോ ഉപയോഗിച്ചുള്ള സീലൈന്‍ ബീച്ച് സന്ദര്‍ശനം, മീസൈദ് മണല്‍യാത്ര, ഹോട്ടല്‍ ബുക്കിങ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതായി ദോഹ നഗര സ്ന്ദര്‍ശനം, മോണ്‍സ്റ്റര്‍ ബസ് ഡിസേര്‍ട്ട് എക്‌സ്പീരിയന്‍സ്, സ്വകാര്യ മരുഭൂസവാരി, സ്റ്റോപ്പ് ആന്റ് ഷോപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മുന്‍കൂര്‍ ബുക്കിങ് നടത്താം. ഇതിനായി വേേു://റശരെീ്‌ലൃൂമമേൃ.ൂമമേൃമശൃംമ്യ.െരീാ/ൃേമിശെേീtuൃ െ സന്ദര്‍ശിക്കുക.150ലേറെ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ് വഴി ദശലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളിലേക്ക് പോകുന്നത്.
എന്‍ട്രി വിസക്ക് മുന്‍കൂട്ടി അപേക്ഷിക്കാതെ തന്നെ ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് 96 മണിക്കൂര്‍, അതായത് നാലു ദിവസം രാജ്യത്ത് തങ്ങാനാകും. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ തുടര്‍ യാത്രക്കായി കഴിയേണ്ടി വരുന്നവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. അതിനായി മുന്‍കൂറായി വിസയ്ക്കുള്ള അപേക്ഷ നല്‍കേണ്ടതില്ല. ഖത്തര്‍ ടൂറിസം അതോറിറ്റി, ഖത്തര്‍ എയര്‍വേയ്‌സ്, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടൂര്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആഗോള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനും ട്രാന്‍സിറ്റ് ഹബ് ആയി മാറാനും ഖത്തറിനെ സഹായിക്കുന്നതാണ് പുതിയ തീരുമാനം. ഹമദിലെത്തുന്ന ഏത് രാജ്യക്കാര്‍ക്കും സൗജന്യ നിരക്കില്‍ ട്രാന്‍സിറ്റ് വിസ ലഭിക്കും. തുടര്‍യാത്ര സ്ഥിരീകരിച്ചതിനും പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് വിസ നല്‍കുക. എല്ലാ വിസകളും ഇഷ്യു ചെയ്യുന്നതും അംഗീകരിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ്.