കോഴിക്കോട്്്: ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യമല്ല ഇന്നുള്ളതെന്ന് പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്. ഗാന്ധിജിയെ വധിച്ച പ്രസ്ഥാനത്തിന്റെ ആശയമാണ് ഇന്ന് നടപ്പാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവ.ആര്‍ട്‌സ് കോളജ് മലയാള വിഭാഗത്തിലെ കുട്ടികൃഷ്ണമാരാര്‍ ഗവേഷണകേന്ദ്രവും മാരാര്‍ സാഹിത്യപ്രകാശവും ചേര്‍ന്ന് നടത്തിയ കുട്ടികൃഷ്ണമാരാര്‍ പ്രഭാഷണ പരമ്പരയില്‍ ‘വയലന്‍സും സാഹിത്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ആനന്ദ്. ഗീതയെ മുന്‍നിര്‍ത്തിയാണ് ഗാന്ധിജി തന്റെ വിചാരധാര ക്രമപ്പെടുത്തിയത്. അതേ ഗീതയുടെ മറ പിടിച്ചാണ്്് ഗോഡ്‌സേ ഗാന്ധിവധം നടപ്പാക്കിയത്. ഈ വൈരുദ്ധ്യം നാം തിരിച്ചറിയേണ്ടതാണ്.
രാമരാജ്യത്തില്‍ നീതിയുണ്ടായിട്ടുണ്ടോയെന്നും ആലോചിക്കണം. ഏത് പ്രവര്‍ത്തനം ആയാലും നമുക്കതില്‍ വിശ്വാസമുണ്ടാകണം. നീതിയില്‍ വിശ്വാസമുണ്ടാകുമ്പോഴേ അത് നടപ്പാക്കണമെന്ന് ആവശ്യപ്പെടാനാവൂ. ആനന്ദ് പറഞ്ഞു. ഇന്ന് നിലനില്‍ക്കുന്ന നീതിയും നമ്മള്‍ ആഗ്രഹിക്കുന്ന നീതിയും തമ്മില്‍ അന്തരമുണ്ട്്്. അത് സ്വാഭാവികവും എല്ലാകാലത്തും ഉണ്ടാവുന്നതുമാണ്. അദ്ദേഹം പറഞ്ഞു.
കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’, ‘ദന്തഗോപുരം’ എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. എ.ബാബുരാജന്‍, ഡോ.എം.എസ്.അജിത് എന്നിവര്‍ ഏറ്റുവാങ്ങി. കുട്ടികൃഷ്ണമാരാരുടെ സമ്പൂര്‍ണകൃതികളും ചടങ്ങില്‍ കൈമാറി. പ്രിന്‍സിപ്പല്‍ പി.ശിവരാമകൃഷ്ണന്‍ അധ്യക്ഷനായി. മലയാളം വിഭാഗത്തിലെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരം ആര്യ, ആദില സലീം, ഗോപീകൃഷ്ണ എന്നിവര്‍ ഏറ്റുവാങ്ങി. കുട്ടികൃഷ്ണമാരാരുടെ കൊച്ചുമകള്‍ കെ.എം.ഭദ്ര, മലയാളവിഭാഗം മേധാവി കെ.പി.രവി, ഡോ.കെ.സവിത, എം.സത്യന്‍ പ്രസംഗിച്ചു.