ഇന്ത്യയില്‍ നിലവില്‍ റിലയന്‍സ് ജിയോ ഒഴികെയുള്ള മറ്റ് നെറ്റ്‌വര്‍ക്കുകളിലെല്ലാം ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു നിമിഷം ഈ ചൈനീസ് ഉപകരണങ്ങളും ടെക്‌നോളജിയും ഉപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കുടുങ്ങാന്‍ പോകുന്നത് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളായിരിക്കും. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വി), ഭാരതി എയര്‍ടെല്‍ എന്നിവ ചൈനീസ് കമ്പനികളായ വാവേയെയും ഇസഡ്ടിഇയുടെയും ഉപകരണങ്ങള്‍ ഒഴിവാക്കിയാല്‍ 5-10 ശതമാനം കൂടുതല്‍ നെറ്റ്‌വര്‍ക്ക് വിന്യസിപ്പിക്കാന്‍ ചെലവഴിക്കേണ്ടിവരുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നത്.

ഇപ്പോള്‍ രാജ്യം അതിപ്രധാനമായ 5ജി സാങ്കേതികവിദ്യയ്ക്കു വഴിയൊരുക്കാനൊരുങ്ങുകയാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ജിയോ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍, ടെലികോം ഉപകരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ക്കായി കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടിവരും.

ദേശീയ സുരക്ഷയ്ക്കുള്ള ചില കാര്യങ്ങള്‍ തങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നാണ് ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. വിശ്വസിക്കാവുന്ന ഉറവിടങ്ങളുടെ ലിസ്റ്റ് കേന്ദ്രം താമസിയാതെ പുറത്തുവിടും. ദേശീയ സൈബര്‍ സുരക്ഷാ കോഓര്‍ഡിനേറ്ററായിരിക്കും ഇതു ചെയ്യുക. ഇങ്ങനെ ശുപാര്‍ശ ചെയ്യപ്പെടുന്ന ഉപകരണ നിര്‍മാതാക്കളില്‍ നിന്നു മാത്രമെ 5ജി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കമ്പനികളെ അനുവദിക്കൂ. ചൈനീസ് ഉപകരണങ്ങളില്‍ മാല്‍വെയര്‍, സ്‌പൈവെയര്‍ തുടങ്ങിയവ ഉണ്ടായിരിക്കുമോ എന്നു കരുതിയാണ് അവ ഉപേക്ഷിക്കണമെന്ന് കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ കാരണം.

ചൈനീസ് ഇതര നെറ്റ്‌വര്‍ക്ക് വിതരണക്കാരായ എറിക്‌സണ്‍, നോക്കിയ, സാംസങ് എന്നിവയ്ക്ക് വിലപേശല്‍ ശേഷി കുറവായതിനാല്‍ ടെലികോം കമ്പനികളുടെ ചെലവ് കൂടുക തന്നെ ചെയ്യും. അതേസമയം, ഈ ചെലവുകളെല്ലാം നിരക്ക് വര്‍ധിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് തന്നെ പിരിച്ചെടുക്കാനാണ് കമ്പനികളുടെ തീരുമാനം.