കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ സി.പി.എം മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭയില്‍ ന്യൂനപക്ഷ വികസന, മദ്രസാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുസ് സത്താര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗോഗിയ്, സോമന്‍ മിത്ര, പ്രദീപ് ഭട്ടാചാര്യ എം.പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് സത്താര്‍ സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

ദേശീയതലത്തില്‍ ബി.ജെ.പിയെയും സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെയും പ്രതിരോധിക്കാന്‍ മതേതര പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നു. ജനങ്ങളെ വിഭജിക്കുന്ന ഈ രണ്ടുപാര്‍ട്ടികളുടെയും അജണ്ടയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബംഗാളില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിന്റെ തുടക്കമാണ് തന്റെ പാര്‍ട്ടി മാറ്റമെന്നും അബ്ദുസ് സത്താര്‍ പറഞ്ഞു.