ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഇത് കുട്ടികളിലായിരിക്കും കൂടുതല്‍ വ്യാപന സാധ്യതയെന്നുമുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കുട്ടികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
മുതിര്‍ന്നവരില്‍ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന റെംഡിസിവര്‍ കുട്ടികള്‍ക്ക് ശിപാര്‍ശ ചെയ്യരുത് എന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. കോവിഡ് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ സ്റ്റിറോയ്ഡുകള്‍ നല്‍കാവൂ. ഇതു തന്നെ ഡോക്ടര്‍മാരുടെ കൃത്യമായ നിരീക്ഷണത്തിലായിരിക്കണം.

കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ കാലയളവിലേക്ക് മാത്രമേ സ്റ്റിറോയ്ഡുകള്‍ നല്‍കാവൂ എന്നാണ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.

ആസ്പത്രികളില്‍ കിടത്തിച്ചികിത്സയിലുള്ള ഘട്ടത്തില്‍ മാത്രമേ സ്റ്റിറോയ്ഡ് നല്‍കാവൂ. സ്വയം ചികിത്സക്ക് ഒരിക്കലും സ്റ്റിറോയ്ഡ് ഉപയോഗിക്കരുത്. റംഡിസിവര്‍ 18ന് വയസ്സിനു താഴെയുള്ളവരില്‍ പരീക്ഷിച്ചതിന്റെ കൃത്യമായ വിവരങ്ങളുടെ അഭാവമുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദേശമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഹൈ റസല്യൂഷന്‍ സി.ടി സ്‌കാന്‍ വിവേചനപരമായി മാത്രമേ കുട്ടികളില്‍ ഉപയോഗിക്കാവൂ എന്നതാണ് മറ്റൊരുനിര്‍ദേശം.

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരില്‍ പ്രത്യേക ചികിത്സ ആവശ്യമില്ല. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പാരസിറ്റാമോള്‍ നല്‍കാം. പെര്‍ കിലോഗ്രാമിന്10-15 മില്ലി/ കിലോഗ്രാം എന്നതായിരിക്കണം ഡോസ്. അതേസമയം കോവിഡ് മുന്‍കരുതലുകളായ മാസ്‌ക്് ധരിക്കല്‍, ശുചിത്വം പാലിക്കല്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. ഇതില്‍ തന്നെ അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് സര്‍ക്കുലര്‍ പറയുന്നു. 5-12 പ്രായക്കാര്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് അനുസരിച്ചും മാസ്‌ക് ധരിക്കണം. 12 വയസ്സിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.