ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ ശീതസമരം തുടരുന്ന സുപ്രീം കോടതിയില്‍ കീഴ്‌വഴക്കങ്ങള്‍ തിരുത്തി വീണ്ടും ജസ്റ്റിസ് ചെലമേശ്വര്‍. സര്‍വീസിലെ അവസാന പ്രവൃത്തിദിവസത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ നിരസിച്ചു. നേരത്തെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പും അദ്ദേഹം നിരസിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവര്‍ൃത്തിദിവസം.

വിരമിക്കുന്ന ജഡ്ജിമാര്‍ അവസാന പ്രവൃത്തിദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ സുപ്രീം കോടതി രേഖകള്‍ പ്രകാരം അവസാന പ്രവൃത്തിദിവസമായ വെള്ളിയാഴ്ച ചെലമേശ്വര്‍ തന്റെ പതിവ് കോടതിയായ രണ്ടാം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാണ് ഇരിക്കുക. ചെലമേശ്വര്‍ ഔദ്യോഗികമായി ജൂണ്‍ 22-നാണ് വിരമിക്കുകയെങ്കിലും കോടതി വേനലവധിക്ക് അടക്കുന്നതിനാല്‍ അവസാന തൊഴില്‍ദിനം വെള്ളിയാഴ്ചയാണ്.