പയ്യോളി: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ കണ്ണൂര്‍ തളിപ്പറമ്പിലെ അരിയില്‍ പൂത്തറമ്മല്‍ ബാവുക്കാട്ട് പവിത്രന്‍ (61)പയ്യോളി പോലീസിന്റെ പിടിയിലായി. താഹിര്‍ എന്ന പേരിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. തുറയൂര്‍ സ്വദേശിയായ 26കാരന് സിഐഎസ്എഫില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ഇയാളെ ഇന്നലെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. കായികക്ഷമത പരീക്ഷ വിജയിച്ച ഉേദ്യാഗാര്‍ത്ഥിക്ക് റാങ്ക് ലിസ്റ്റില്‍ പേര്‍ വരുത്താമെന്ന് പറഞ്ഞാണ് ഇയാള്‍ പണം കൈക്കലാക്കിയത്. പവിത്രന്‍ എന്ന പേരിലാണ് പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിക്കുന്നത്.

2018 ഡിസംബറില്‍ കുന്ദമംഗലത്തെ ഹോട്ടലില്‍ അഞ്ച് ലക്ഷവും 2020 ജനുവരിയില്‍ മാവൂര്‍ റോഡില്‍ കാറില്‍ വെച്ച് രണ്ട് ലക്ഷവുമാണ് പ്രതി കൈപ്പറ്റിയത്. ഈ രണ്ട് സമയത്തും വാങ്ങുന്ന തുകയുടെ ചെക്ക് പരാതിക്കാരന് നല്‍കി വിശ്വാസ്യത പിടിച്ച് പറ്റിയിരുന്നു. പിന്നീട് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച കാര്യം പറഞ്ഞ് ജോലിക്കാര്യം നീട്ടികൊണ്ട് പോയതോടെ ഉദ്യോഗാര്‍ത്ഥി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രതിക്കെതിരെ യുവാവ് പയ്യോളി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. 2021 ഏപ്രില്‍ 21 നാണ് പയ്യോളി പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കൃത്യമായ മേല്‍വിലാസമോ സ്ഥിരമായുള്ള മൊബൈല്‍ നമ്പറോ ഇല്ലാത്തത് കാരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്. കുന്ദമംഗലത്തെ ഹോട്ടലില്‍ വെച്ചും മാവൂര്‍ റോഡില്‍ കാറില്‍ വെച്ചുമാണ് ഇയാള്‍ക്ക് സിഐഎസ്എഫ് ജോലിക്ക് പണം നല്‍കിയത്. ഈ രണ്ട് സംഭവങ്ങളിലും പ്രതിക്ക് പണം നല്‍കുന്നത് പരാതിക്കാരനായ യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് തുണയായത്.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മാവൂര്‍ പെരുവയലില്‍ വാടക വീട്ടില്‍ താമസിക്കുന്ന മാനന്തവാടി സ്വദേശിനിയും ഇയാളുടെ നാലാമത്തെ ഭാര്യയുമായ സക്കീനയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെ വരാറില്ലെന്ന് മനസ്സില്ലായതോടെ ഇവരുടെ പേരില്‍ എടുത്ത മറ്റൊരു സിം താമരശ്ശേരി അടിവാരം ചിപ്പിലിത്തോടുള്ള സ്ഥലത്തുള്ള ഒരാള്‍ ഉപയോഗിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി.പയ്യോളി എസ്‌ഐ എന്‍.കെ. ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രഞ്ജിത്ത് എന്നിവര്‍ ചിപ്പിലിത്തോട് എത്തി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു ബാഗുമായി ഒരു വീട്ടില്‍ നിന്ന്! പുറത്തിറങ്ങുന്നതാണ് കണ്ടത്. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത് പയ്യോളി സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.ഇയാളുടെ ബാഗില്‍ നിന്ന്! പവിത്രന്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും താഹിര്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മൂസ മകന്‍ താഹിര്‍ എന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളത്. മൊബൈല്‍ നമ്പര്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി സ്ത്രീകളെ ഇയാള്‍ വിവാഹം ചെയ്തിട്ടുള്ളതായി മനസ്സിലായത്.