കോഴിക്കോട്: കോവിഡ് സാഹചര്യത്തില്‍ പഠനം വീണ്ടും ഓണ്‍ലൈനിലേക്ക് മാറിയതോടെ സ്മാര്‍ട്ട് ഫോണ്‍ അടിമത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. കൂടുതല്‍സമയത്തെ മൊബൈല്‍ഫോണ്‍ ഉപയോഗം കുട്ടികളില്‍ സ്‌ക്രീന്‍ അഡിക്ഷന്‍ വര്‍ധിക്കാനിടയാക്കിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധികുട്ടികളാണ് സമീപകാലത്ത് ചികിത്സതേടിയത്. മൊബൈല്‍ ഫോണ്‍ പഠനത്തിനായി നല്‍കുമ്പോള്‍ പല രക്ഷിതാക്കള്‍ക്കും അതിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ അവബോധമില്ലെന്നതാണ് പ്രധാന പ്രശ്‌നം. ക്ലാസ് കഴിഞ്ഞും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍സ്‌ക്രീനില്‍തന്നെമണിക്കൂറോളം ചെലവിടുകയാണ്. പുറത്തിറങ്ങി കളിക്കാനോ കൂട്ടുകാരുമായി സഹവസിക്കാനോ അവസരം കിട്ടാത്തത് കൗമാരക്കാരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുന്നുണ്ട്.

കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിടുകയും അധ്യായനം ഓണ്‍ലാനാക്കുകയും ചെയ്തതോടെ എല്ലാ പ്രയാത്തിലുള്ള കുട്ടികള്‍ക്കും ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള അവസരമാണ് കൈവന്നത്. ഇത് പലപ്പോഴും ദുരുപയോഗത്തിലേക്ക് നീങ്ങുന്നു. ലോക്ഡൗണ്‍കാരണം വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികളിലധികവും മൊബൈല്‍ഫോണ്‍, ടാബ്, ലാപ്പ് എന്നിവയ്ക്ക് മുന്നിലാണ് ചെലവഴിക്കുന്നത്. ഇത് കുട്ടികളില്‍ പല തരത്തിലുള്ള സ്വഭാവ മാറ്റങ്ങള്‍ക്കും ഇടാക്കുന്നുണ്ട്. അമിതമായ ദേഷ്യം, പഠനത്തില്‍ പിന്നാക്കം പോകുക, ശ്രദ്ധക്കുറവ്, അനുസരണക്കേട്, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍കുട്ടികളില്‍ വര്‍ധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. കുടുംബത്തില്‍ നിന്ന് ആവശ്യമായ പരിഗണന കിട്ടാത്തതും സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ആത്മഹത്യാ വിഡിയോകളും വരെ കൗമാരക്കാരുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുസമൂഹവുമായി ഇടപെടല്‍കുറയുന്നതും കുട്ടികളില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കും. ഓണ്‍ലൈന്‍ പഠനത്തിലെ അശാസ്ത്രീയതയും കുട്ടികളിലെ താല്‍പര്യകുറവും ഇവരുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും മാതാപിതാക്കളെ അലട്ടുന്നുണ്ട്. മുന്‍വര്‍ഷത്തേതിന് സമാനമായി ഇത്തണവും അധ്യായനവര്‍ഷം പൂര്‍ണമായി ഓണ്‍ലൈനിലാകാനാണ് സാധ്യത. ഈസാഹചര്യത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.