ടോക്കിയോവിലേക്ക് ഇനി രണ്ട് നാള്‍ മാത്രം ബാക്കി. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ സംഘമാണ്-228. ഇതില്‍ 109 പേര്‍ മാത്രമാണ് മല്‍സരിക്കുന്ന് എന്നത് തല്‍ക്കാലം വിസ്മരിക്കുക. പതിവ് പോലെ നാടു കാണാന്‍ പോവുന്നവരുടെ എണ്ണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക. അതാണല്ലോ നമ്മുടെ പതിവ് പല്ലവി. ഏത് സര്‍ക്കാര്‍ നാട് ഭരിച്ചാലും കായിക സംഘടനകളെ ഭരിക്കുന്നത് ചില സ്ഥിരക്കാരാണ്. അവരുടെ കാര്യത്തില്‍ മാറ്റമില്ല. ഒരു കാര്യത്തില്‍ മാത്രം മാറ്റമുണ്ട്- താരങ്ങളെ അനുഗമിക്കുന്നവരുടെ കാര്യത്തില്‍ പുതുമയുണ്ട്. അതല്ല നമ്മുടെ വിഷയം. നിറമുള്ള ഒഒളിംപിക്‌സ് ഓര്‍മകള്‍ പങ്ക് വെക്കലാണ്.

ഉഷ എന്ന രണ്ടക്ഷരത്തോട് ഏത് ഒളിംപിക്‌സ് വരുമ്പോഴും നമ്മള്‍ ചേര്‍ത്തുവെക്കുന്ന നഗരമാണ് ലോസാഞ്ചലസ്. ആ വാര്‍ത്തക്കൊപ്പം മലയാള പദാവലയില്‍ ഒരു പുതിയ വാക്ക് ചേര്‍ത്തത് വിഖ്യാതനായ കളിയെഴുത്തുകാരന്‍ വി.രാജഗോപാലായിരുന്നു. സെക്കന്‍ഡിന്റെ നൂറിലൊന്നിന് ഉഷക്ക് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായപ്പോള്‍ ആ തോല്‍വിയെ വി.രാജഗോപാല്‍ വിശേഷിപ്പിച്ചത് തലനാരിഴ എന്ന പദത്തിലായിരുന്നു. ഉഷയെന്ന അത്‌ലറ്റിനെ പുതിയ തലമുറക്ക് ചിലര്‍ പരിചയപ്പെടുത്തിയത് വിവാദങ്ങളുടെ പേരിലാണ്. അത് സ്ഥാപിത താല്‍പ്പര്യം മാത്രം. ഉഷയെന്നാല്‍ അത് അഗ്നിജ്വാലയാണ്-ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സമാനതകളില്ലാത്ത താരവും പരിശീലകയും സംഘാടകയും. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഉഷക്ക് പ്രായം കേവലം 16. എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ മലയാളത്തിന്റെ വിലാസമായി ആ പയ്യോളിക്കാരി മോസ്‌ക്കോയിലെത്തി ഭാഷയറിയാതെ നട്ടം തിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷം ലോസാഞ്ചലസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ മാത്രമല്ല രാജ്യാന്തര സര്‍ക്കിളിലും ഉഷയുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു അപ്പോഴേക്കും.

ഒളിംപിക്‌സിന് മുമ്പ് 100, 200 മീറ്ററുകളിലെല്ലം ഉഷ മല്‍സരിച്ചിരുന്നു. ആഭ്യന്തര തലത്തില്‍ വിജയം നേടാനുമായി. പക്ഷേ ഒളിംപിക്‌സ് പോലെ വലിയ വേദിയില്‍ മല്‍സരിക്കുമ്പോള്‍ ഒരിനത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായിരിക്കും നല്ലതെന്ന നിര്‍ദ്ദേശത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലായി ഇന്ത്യന്‍ താരത്തിന്റെ ജാഗ്രത. നല്ല ഒരുക്കമാണ് ഉഷ നടത്തിയത്. ലോസാഞ്ചലസിലേക്ക് തിരിക്കുമ്പോള്‍ വെല്ലുവിളികളുമായി മൊറോക്കോയുടെ നവാല്‍ അല്‍ മുതവാക്കില്‍, അമേരിക്കയുടെ ജുഡിത് ബ്രൗണ്‍, റുമേനിയയുടെ ക്രിസ്റ്റീന കോജോകാരു, സ്വീഡന്റെ ആന്‍ ലൂയിസ്, ജമൈക്കയുടെ സാന്ദ്ര ഫാര്‍മര്‍ തുടങ്ങിയവര്‍. പക്ഷേ സ്വന്തം കരുത്തിലുളള വിശ്വാസത്തില്‍ ഉഷ ലോസാഞ്ചലസ് ട്രാക്കില്‍ വിസ്മയം തീര്‍ത്തു. ആദ്യ റൗണ്ടില്‍ 56.81 സെക്കന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം. സെമിയില്‍ 55.54 സെക്കന്‍ഡ്. അങ്ങനെ വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറി.

ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്. മൂന്ന് ഘട്ടങ്ങളിലായി നടന്ന മല്‍സരങ്ങളില്‍ ആകെ പങ്കെടുത്തത് 24 പേര്‍. ഇവരില്‍ നിന്നുമായിരുന്നു എട്ട് പേര്‍ അടങ്ങിയ ഫൈനല്‍ സംഘം. ഓഗസ്റ്റ് എട്ടിനായിരുന്നു നിര്‍ണായക മെഡല്‍ പോരാട്ടം. രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിവസം. അമേരിക്കന്‍ സമയവും ഇന്ത്യന്‍ സമയവും തമ്മിലുള്ള അന്തരത്തില്‍ നമ്മുടെ പുലര്‍ച്ചെയായിരുന്നു അവസാന പോരാട്ടം. ബി.ബി.സി റേഡിയോക്ക് മുന്നില്‍ ചെവി കോര്‍ത്തവരില്‍ രാജ്യത്തെ മുഴുവന്‍ കായിക പ്രേമികളുമുണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ നിര്‍ഭാഗ്യത്തിന്, ഉഷയുടെ ഭാഗ്യ ദോഷത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാരി ഡെപി ഫഌന്റോഫിന്റെ ഫൗള്‍ സ്റ്റാര്‍ട്ട്. ഉഷക്ക് നല്ല തുടക്കം കിട്ടിയ ആ സ്റ്റാര്‍ട്ടില്‍ എല്ലാവരെയും തിരികെ വിളിച്ചു. ഒരു താരത്തെ സംബന്ധിച്ച് സ്റ്റാര്‍ട്ട് അതിപ്രധാനമാണ്. എല്ലാ ആത്മവിശ്വാസവും ഒരു നിമിഷം ചോരുന്നതായിരുന്നു ഫൗള്‍ സ്റ്റാര്‍ട്ടുകള്‍. രണ്ട് മിനുട്ടിനിടെ വീണ്ടും സ്റ്റാര്‍ട്ട്. പക്ഷേ ആ സ്റ്റാര്‍ട്ടില്‍ ഉഷക്ക് കുതിക്കാനായില്ല. എങ്കിലും ഹീറ്റ്‌സും സെമിയും നല്‍കിയ ആവേശത്തില്‍ 20 കാരി പറന്നു. അപ്പോഴേക്കും മൊറോക്കോയുടെ മുതാവാക്കില്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. സ്വന്തം നാട്ടുകാരുടെ കൈയ്യടിയില്‍ പിറകെ ജൂഡിത് ബ്രൗണും. മൂന്നാം സ്ഥാനത്തില്‍ ഉഷയും റുമേനിയക്കാരി ക്രിസ്റ്റിനയും ഒപ്പത്തിനൊപ്പം. തകര്‍പ്പന്‍ ഫിനിഷിംഗില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്നതില്‍ ആശയക്കുഴപ്പം. ഉഷക്കാണ് മെഡലെന്ന് ആദ്യം വ്യക്തമാക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദം. പക്ഷേ സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ആ ആഹ്ലാദത്തിന് ആയുസ്. സെക്കന്‍ഡിന്റെ നൂറിലൊന്ന് വിത്യാസത്തില്‍ റുമേനിയക്കാരിയാണ് ആദ്യം ഫിനിഷ് ചെയ്തതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ അത് വലിയ വേദനയായി മാറി.

ഉഷ നെഞ്ചൊന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ അത്തരം സാങ്കേതികതയുടെ വിലപ്പെട്ട പറഞ്ഞ് കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്നും ഇന്നും ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും മികച്ച ഒളിംപിക്‌സ് ട്രാക്ക് പ്രകടനം ഇതാണ്. ഉഷ പിന്നീട് എത്രയോ ഒളിംപിക്‌സുകളിലും ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലുമെല്ലാം പങ്കെടുത്തു. ഇപ്പോഴും അവരുടെ കായിക സാന്നിദ്ദ്യം ശക്തമാണ്. ഇത്തവണ സ്വന്തം ശിഷ്യ ജിസ്‌ന മാത്യുവിന് 4-400 മീറ്റര്‍ റിലേ സംഘത്തില്‍ ഇടം നേടാന്‍ കഴിയാതെ വന്നതോടെ ഉഷക്ക് ടോക്കിയോ യാത്ര നിഷേധിക്കപ്പെട്ടു. അപ്പോഴും രാജ്യത്തിന്റെ താരങ്ങള്‍ക്കായി അവര്‍ കൈയ്യടിക്കുന്നു. ഇപ്പോഴും ലോസാഞ്ചലസ് എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ടെങ്കിലും ടോക്കിയോവില്‍ നിന്നും ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ നേടാനാവുമെന്ന് അവര്‍ പറയുന്നു. 1980 മുതല്‍ നടന്ന ഒളിംപിക്‌സുകളിലെല്ലാം ഇന്ത്യന്‍ ഒളിംപിക് സംഘത്തില്‍ മലയാളത്തില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പക്ഷേ ഇത്തവണ ആരുമില്ല. അത് തന്നെ തെളിയിക്കുന്നു ഉഷയുടെ കരുത്ത്.