മിയാമി: സൗഹൃദമത്സരത്തില്‍ കരുത്തരായ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ 2-1ന് ലീഡ് വഴങ്ങിയ ശേഷമാണ് ബ്രസീല്‍ സമനില നേടിയത്. പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

20-ാം മിനിറ്റില്‍ നെയ്മറിന്റെ കോര്‍ണര്‍ വലയിലെത്തിച്ച് കാസ്മരോ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ ബ്രസീലിന്റെ ലീഡിന് അധിക സമയം ആയുസുണ്ടായിരുന്നില്ല. 25-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കൊളംബിയ ഒപ്പമെത്തി. ഒന്നാം പകുതി അവസാനിക്കാന്‍ 11 മിനിറ്റ് ശേഷിക്കുമ്പോള്‍ മികച്ചൊരു നീക്കത്തിലൂടെ കൊളംബിയ ലീഡ് നേടി.

രണ്ടാം പകുതിയില്‍ പൊരുതിക്കള്ളിച്ച ബ്രസീല്‍ 58-ാം മിനിറ്റില്‍ സമനില പിടിച്ചു. കൊളംബിയന്‍ പ്രതിരോധം പിളര്‍ത്തി കുട്ടീഞ്ഞോ നല്‍കിയ പാസ് നെയ്മര്‍ വലയിലെത്തിക്കുകയായിരുന്നു.