X

കോഴിക്കോട് ജില്ലയില്‍ കമ്മ്യൂണിറ്റി സര്‍വെലന്‍സ് തുടരും: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി സര്‍വെലന്‍സ് തുടരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായി ഏകാരോഗ്യം സമിതി നിലവില്‍ വരും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിയില്‍ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങി എല്ലാ വകുപ്പുകളില്‍ നിന്നും അംഗങ്ങളുണ്ടാകും. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഊന്നി ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത്.

ജില്ലയില്‍ എട്ടു ദിവസമായി പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന് നല്ല പുരോഗതിയുണ്ട്. ഒറ്റക്ക് നടക്കാന്‍ സാധിക്കുന്നുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 372 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

നിപ പ്രതിരോധവുമായി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ ടെക്‌നിഷ്യന്‍മാര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ കോളേജില്‍ നിന്നും പരിശീലനം നല്‍കിയിട്ടുണ്ട്. ഐ.സി.എം.ആര്‍. സംഘം തിരികെ പോയി. മൃഗ സംരക്ഷണ വകുപ്പിന്റെതുള്‍പ്പടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുന്നതാണ്.

സീറോ സര്‍വെലെന്‍സിന്റെ ഭാഗമായി രോഗിയുമായി അടുത്തിടപഴകിയ വ്യക്തികളുടെ ശരീരത്തില്‍ ആന്റിബോഡിയുള്‍പ്പടെ പരിശോധിക്കുമെന്നും മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശിയമായി നിര്‍മ്മിക്കുന്നത് ഉള്‍പ്പടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ എ ഗീത, എ ഡി എം സി.മുഹമ്മദ് റഫീഖ്, സബ് കലക്റ്റര്‍ ചെല്‍സാസിനി വി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷാജിസി.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയ നിപ രോഗികള്‍ക്കായുള്ള പരിശോധന ലാബ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.

webdesk15: