X

വെള്ളപ്പൊക്കം മഹാപ്രളയമാക്കിയത് ദുരന്തനിവാരണത്തിലെ അപാകത: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

 

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും ശാസ്ത്രലോകത്തിന്റെ അവലോകനവും കണക്കുകളുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് സംബന്ധിച്ച മുന്‍കൂട്ടി അറിവും ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനവും ലഭിച്ചതിനു ശേഷം ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ പരിപാടികള്‍ ആവിഷ്‌കരിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ലെന്ന് മുന്‍ ജലവിഭവവകുപ്പുമന്ത്രികൂടിയായ പ്രേമ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായതിനു ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക മാത്രമല്ല സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ചുമതല.
മുഖ്യമന്ത്രി ചെയര്‍മാനും റവന്യു മന്ത്രി വൈസ് ചെയര്‍മാനുമായ കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് വിടുന്നതിനു മുമ്പ് അതിനായി ഉണ്ടാക്കിയ മാസ്റ്റര്‍ പ്ലാനിനെ കുറിച്ചും അതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളും വിഗദ്ധരുടെ അഭിപ്രായം സ്വരൂപീക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചും അതിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ചും തീരുമാനങ്ങള്‍ നടപ്പാക്കിയ രീതിയുമാണ് പരമപ്രധാനം. ദുരന്ത നിവാരണത്തിനായി യഥാസമയം നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജപ്പെട്ടതിനാലാണ് പ്രളയ ദുരന്തത്തിന്റെ ആഘാതം പതിന്മടങ്ങ് വര്‍ദ്ധിച്ചത്.
ഡാമുകള്‍ നിറഞ്ഞിരിക്കുമ്പോള്‍ ഷട്ടറുകള്‍ ഒരെണ്ണം പോലും പൂര്‍ണ്ണമായും തുറക്കുവാന്‍ പാടില്ലെന്നാണ് ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിദഗ്ധ അഭിപ്രായം. ഡാമുകളിലെ ജലനിലവാരം പരമാവധി എത്താതിരിക്കുന്നതിനായി കാലവര്‍ഷം ശക്തമാകുമ്പോള്‍ അവ പരമാവധി ജലസംഭരണ ശേഷിയിലെത്താതിരിക്കാന്‍ ക്രമാനുഗതമായി ജലനിരപ്പ് താഴ്ത്തുന്നതിനുളള നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നത്. സംസ്ഥാനം അത്തരമൊരു നടപടി സ്വീകരിച്ചില്ല.
ഇതു സംബന്ധിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം ചേര്‍ന്ന് വിദഗ്ധരുടെ അഭിപ്രായ രൂപീകരണം നടത്തി ശാസ്ത്രീയമായ നടപടി സ്വീകരിച്ചില്ല. പ്രളയബാധിത തീയതിയ്ക്ക് മുമ്പായി സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എത്രയോഗം ചേര്‍ന്ന് എന്നും എന്തു തീരുമാനങ്ങള്‍ എടുത്തു എന്നും അതെങ്ങനെ നടപ്പാക്കിയെന്നും വ്യക്തമാക്കുന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാകണമെന്ന് പ്രേമ ചന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന ചെറിയ ഡാമുകള്‍ തുറന്നു വിടുന്നതിനു മുമ്പ് ശാസ്ത്രീയമായി അവലംബിക്കേണ്ട പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ല. ശക്തമായ കാലവര്‍ഷത്തിന്റെ മുന്‍കൂട്ടിയുള്ള അറിയിപ്പ് കിട്ടിയിട്ടും ഡാമുകളിലെ ജലം ക്രമീകരിക്കാന്‍ നടപടി സ്വീകരിച്ചില്ല. പരമാവധി ജലസംഭരണശേഷി വരെ ജലം നിറയ്ക്കാന്‍ വൈദ്യുതി വകുപ്പും ജലവിഭവ വകുപ്പും തീരുമാനിച്ചു.
ഡാമുകള്‍ കരകവിഞ്ഞൊഴുകുമെന്നു വന്നപ്പോള്‍ ഡാമുകള്‍ തുറക്കണമെന്ന് ഡാം സേഫ്റ്റി അതോറിറ്റി ശഠിച്ചു. ഡാമുകളുടെ സുരക്ഷയ്ക്കും പ്രളയനിയന്ത്രണത്തിന് കാലേകൂട്ടി നടപടി സ്വീകരിക്കുന്നതിലും പരാജയപ്പെട്ടു. വകുപ്പുകളുടെ ഏകോപനമില്ലാത്തതും അശാസ്ത്രീയവുമായ നടപടികളും യുക്തിസഹമല്ലാത്ത തീരുമാനങ്ങളും പ്രളയം ഏറ്റവും വലിയ ദുരന്തമാക്കിയതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

chandrika: