മലപ്പുറം: അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി യാതൊരു വിധത്തിലുള്ള സഹകരണവുമില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.പി.എക്കല്ലാതെ ആര്‍ക്കും ഒരിടത്തും യാതൊരു പിന്തുണയും നല്‍കാന്‍ മുസ്‌ലിംലീഗ് തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉവൈസിയുടെ റോള്‍ പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലാണെന്നാണ് മുസ്‌ലിംലീഗ് ഇതുവരെ വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരപരാധിയാണ് എന്ന് ഇടതുപക്ഷത്തിനു തന്നെ അറിയാമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘സെക്രട്ടറിയേറ്റ് വളയല്‍ സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് വന്നവരോട് അത് അന്നേ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് ഇടതുപക്ഷത്തിന് അറിയാമായിരുന്നു. സോളാര്‍ ഇടതുപക്ഷത്തിന് ബൂമറാങ്ങാവും. അങ്ങനെ ആയിക്കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് പൊള്ളിയപ്പോഴാണ് അവര്‍ അത് താഴെയിട്ടത്. യുഡിഎഫിന്റെ മികച്ച ഭരണത്തിനു മേല്‍ സൃഷ്ടിച്ച പുകമറയായിരുന്നു അത്” – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തങ്ങള്‍ക്കെതിരെ അന്വേഷണം പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനെന്നും അദ്ദേഹം ആരോപിച്ചു. ‘എല്ലാവര്‍ക്കുമെതിരെ എന്തുമാകാം എന്നാണ്. എന്നാല്‍ അവര്‍ക്കെതിരെ അ‌ന്വേഷണം പാടില്ല. ഇടതുപക്ഷ സര്‍ക്കാറിനെതിരെ വിമര്‍ശിച്ചതിന് ഏറ്റവും അധികം നടപടി നേരിടുന്നത് മുസ്‌ലിം ലീഗാണ്. ഈ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്നതും ലീഗാണ്. ജയിലിലും ആശുപത്രിയിലുമിട്ട് പീഡിപ്പിക്കുകയാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.