ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോയവരില്‍ നിന്ന് കേസ് തീര്‍പ്പാക്കുന്നത് വരെ സേവന നികുതി ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളത്തില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് പോയ ചിലരും കേരളത്തിന് പുറത്തുള്ള ചില സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും സമര്‍പ്പിച്ച ഹറജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്. രാജ്യത്തിന് പുറത്ത് നടക്കുന്ന വ്യവഹാരത്തിന് രാജ്യത്ത് സേവന നികുതി ഈടാക്കാന്‍ പാടില്ലന്ന ചട്ടത്തിന് വിരുദ്ധമായാണ് സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ വഴി ഹ്ജ്ജിന് പോകുന്നവര്‍ക്ക് സേവന നികുതി നിര്‍ബന്ധമാക്കിയതെന്നാണ് ഹറജിക്കാരുടെ വാദം. ഹജ്ജ് കമ്മറ്റി വഴി തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് മാത്രമായി സേവന നികുതി ഇളവ് നല്‍കി 2012-ല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഹജ്ജിന പോവുന്നവര്‍ക്ക് സേവന നികുതി നിര്‍ബദ്ധമാക്കുകയായിരുന്നു.