സോള്‍/ പ്യോങ്‌യാങ്: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള വാക് പോര് വീണ്ടും. മിസൈല്‍ ആണവ പരീക്ഷണങ്ങള്‍ കൊണ്ട് അമേരിക്കയയേയും ദക്ഷിണ കൊറിയയേയും വിറപ്പിക്കുന്ന ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും ശ്രമം ആരംഭിച്ചു.

ഇരു രാജ്യങ്ങളും സംയുക്തമായുള്ള നാവികാഭ്യാസം അടുത്ത ആഴ്ച ആരംഭിക്കും. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഉത്തര കൊറിയയ്ക്കുള്ള ശക്തമായ താക്കീതെന്ന നിലയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും സൈനികാഭ്യാസത്തെ നോക്കിക്കാണുന്നത്. 16 മുതല്‍ 26 വരെ നടക്കുന്ന നാവികാഭ്യാസത്തില്‍ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് റൊണാള്‍ഡ് റീഗനും മറ്റ് രണ്ട് കപ്പലുകളുമാണ് എത്തുക.  സീ ഓഫ് ജപ്പാനിലും യെല്ലോ സീയിലും നടക്കുന്ന അഭ്യാസം ഇരു രാജ്യങ്ങളിലെ നാവിക വിഭാഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയവും ഒത്തൊരുമയും വ്യക്തമാക്കുന്നതായിരിക്കുമെന്ന് യു.എസ് അറിയിച്ചു.

അമേരിക്കയുടെ ആണവ അന്തര്‍ വാഹിനിയായ യു.എസ് മിഷിഗണ്‍ ദക്ഷിണ കൊറിയയില്‍ ഉടനെത്തും. അതേ സമയം സംയുക്ത സൈനിക അഭ്യാസം നടത്തിയാല്‍ പ്രതികരിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.  അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളും ദക്ഷിണ കൊറിയയിലെ കളിപ്പാവകളും പ്രകോപനത്തിന് ശ്രമിക്കുന്നത് അവരുടെ നാശത്തിന് ഇടയാക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രദേശമായ ഗുവാമിലേക്ക് മിസൈല്‍ തൊടുത്തുവിടുമെന്നും ഇതിന് കൊറിയയെ നിര്‍ബന്ധിപ്പിക്കരുതെന്നും പ്യോങ്‌യാങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ആഗസ്റ്റില്‍ പസഫിക് ദ്വീപ് രാഷ്ട്രമായ ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു.