ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തി നടന്‍ പ്രകാശ് രാജ്. തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഗൗരി കൊല്ലപ്പെട്ടതില്‍ മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുമെന്നും പ്രകാശ് രാജ് പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് അദ്ദേഹം തിരുത്തുമായെത്തിയത്.
അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. അത് തന്റെ കഴിയിനു ലഭിച്ച അംഗീകാരമാണ്. തനിക്ക് വിലമതിക്കാനാവാത്തതാണ് ഓരോ പുരസ്‌ക്കാരങ്ങളും. ഗൗരിയുടെ മരണത്തെ ആഘോഷമാക്കിയവര്‍ക്കുള്ള മറുപടിയാണ് തന്റെ പ്രസംഗം. സമൂഹമാധ്യമങ്ങളില്‍ ഗൗരിയുടെ മരണം ആഘോഷിച്ചവരില്‍ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരക്ഷരവും മിണ്ടുന്നില്ല. പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ തന്നെ ഏറെ അസ്വസ്ഥനാക്കുന്നു, ഭയപ്പെടുത്തുന്നു. താനൊരു പാര്‍ട്ടിയിലും അംഗമല്ല. ഒരു പാര്‍ട്ടിക്ക് എതിരുമല്ല’-പ്രകാശ് രാജ് പറഞ്ഞു. തന്റെ പരാമര്‍ശങ്ങളെക്കുറിച്ച് അനാവശ്യ കോലാഹലങ്ങളുണ്ടാക്കി ചര്‍ച്ച തുടരുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.