X

ഞങ്ങള്‍ മാലിന്യം പേറാനിരിക്കുന്നവരല്ല, കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ സുപ്രിം കോടതിയുടെ ഗൗരവ വിമര്‍ശനം

 

രാജ്യത്തെ ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ജസ്റ്റിസ് മദന്‍ ബി ലോകര്‍’ ഖരമാലിന്യം’ എന്നു പരിഹസിച്ചത് കോടതിമുറിക്കുള്ളില്‍ മറ്റൊരു തമാശയായി. അതേസമയം കോടതി മാലിന്യം പേറാനുള്ള ഇടമല്ലന്നും അതീവ ഗൗരവത്തോടെ സര്‍ക്കാറിനെ ഉണര്‍ത്തുകയും ചെയ്തു.

845 പേജുള്ള അപൂര്‍ണ്ണമായ സത്യവാങ്മൂലമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇവിടെ ചവറുകളുപേക്ഷിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു കോടതി ഓര്‍മ്മപ്പെടുത്തിയത്.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം നിരസിച്ച കോടതി ഇതുപോലെ അനാവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകമായല്ല സമര്‍പ്പിക്കേണ്ടതെന്നും ആവശ്യ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുവിധം സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.

നിങ്ങള്‍ എന്താണ് ഇവിടേക്ക് കൊണ്ടു വന്നത്. നിങ്ങളെന്ത് ചെയ്യാനാണ് ശ്രമിക്കന്നത്. ഞങ്ങളെ പ്രീതിപ്പെടുത്താനാണോ ഇത്. ക്ഷമിക്കണം, ്അതു വേണ്ട. ഞങ്ങളതില്‍ തൃപ്തരല്ല. എന്തും ഇവിടേക്ക് എഴുന്നള്ളിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്. ഒരിക്കലുമിങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞങ്ങളിത് പരിഗണിക്കാന്‍ ആഗ്രിഹിക്കുന്നില്ല. ഞങ്ങളെ മാലിന്യം പേറുന്നവരാക്കരുത്. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് നല്ലത്. ജസ്റ്റിസ് ലോകര്‍ ദേഷ്യത്തോടെയാണ് പറഞ്ഞത്.

chandrika: