ന്യൂഡല്‍ഹി: കേന്ദസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന് ശേഷം വീണ്ടും ഒരു നോട്ട് നിരോധനം നടപ്പിലാക്കുന്നു എന്ന വാര്‍ത്ത സജീവമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍. പുതിയ 200 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതില്‍ കുറവു വന്നിട്ടുള്ള വിഷയം പ്രത്യേകം പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ്. കൂടുതല്‍ വിവരങ്ങള്‍ ആര്‍ബിഐ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2000 രൂപ നോട്ട് അച്ചടി നിര്‍ത്തിയതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അഞ്ചുമാസം മുന്‍പേ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നുമാണു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.

2016 നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. പകരം അച്ചടിച്ച പുതിയ 2000 രൂപ നോട്ടുകള്‍ മുഴുവനും വിതരണം ചെയ്തിട്ടുമില്ല. ഇതിനിടെ, പുതിയ 200 രൂപ നോട്ടുകള്‍ മൈസൂരുവിലെ ആര്‍ബിഐ പ്രസില്‍ അച്ചടി തുടങ്ങിയെന്ന കാര്യം കേന്ദ്രമന്ത്രി സന്തോഷ് സ്ഥിരീകരിച്ചു. അടുത്ത മാസത്തോടെ ഇവ വിതരണത്തിനെത്തുമെന്നാണ് കരുതുന്നത്. പുതിയ 200 രൂപ നോട്ടുകള്‍ വരുന്നതോടെ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.