X
    Categories: indiaNews

നോട്ടുനിരോധനം ‘നിയമവിരുദ്ധമാ’ ണെന്ന് ജസ്റ്റിസ് ബംഗളൂരു വെങ്കടരാമയ്യ നാഗരത്‌ന

2016 നവംബര്‍ എട്ടിലെ ആയിരം ,അഞ്ഞൂറ് രൂപകളുടെ നോട്ടുകളുടെ നിരോധനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബംഗളൂരു വെങ്കടരാമയ്യ നാഗരത്‌ന. ഇവര്‍ കര്‍ണാടകയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. നോട്ടുനിരോധനം പരിശോധിച്ച ബെഞ്ചിലെ ഏകവനിതാ ജഡ്ജിയായിരുന്നു ബി.വി നാഗരത്‌ന. റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് അവരാണ് നോട്ടുനിരോധം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ബാങ്കിന് സ്വതന്ത്രനിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ഭിന്ന വിധിയില്‍ പറഞ്ഞു. നാലിനെതിരെ ഒന്ന് എന്ന രീതിയിലാണ ്ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. ഒട്ടനവധി ഹര്‍ജികളാണ് നോട്ടുനിരോധത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയിലെത്തിയിരുന്നത്. വര്‍ഷം ആറ് കഴിഞ്ഞതിന് ശേഷമുള്ള വിധി പക്ഷേ നോട്ടുനിരോധനം മൂലം പ്രയാസപ്പെട്ട് കഴിയുന്ന ജനത്തിന് വലിയ നിരാശയാണുളവാക്കിയിരിക്കുന്നത്.
വലിയ ഉദ്ദേശ്യങ്ങളാണ് നടപടിക്ക് പിന്നിലെന്ന സര്‍ക്കാര്‍ വാദം നാഗരത്‌ന തള്ളി. അത് താനല്ല പറയേണ്ടത്.താന്‍ പരിശോധിച്ചത് നിയമപരമായ കാര്യമാണ്. ആര്‍.ബി.ഐയുടെ 26-ാം വകുപ്പ് പ്രകാരം അതിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നവംബര്‍ ഏഴിന് അങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’ എന്ന റിസര്‍വ് ബാങ്കിന്റെ രേഖയിലെ വാചകം ഇതിന് തെളിവാണ്. അതേസമയം മറ്റുനാലുപേര്‍ ചൂണ്ടിക്കാട്ടിയത് ആറുമാസമായി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ്. അതാണ് നോട്ടുനിരോധത്തെ അനുകൂലിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
രാജ്യത്തെ സകല മേഖലയും ഇതേതുടര്‍ന്ന് പ്രയാസപ്പെട്ടതും നൂറിലധികം പേര്‍ മരിച്ചുവീണതും കാര്‍ഷികവാണിജ്യമേഖല പണംകിട്ടാതെ തകര്‍ന്നതുമെല്ലാമാണ ്‌നോട്ടുനിരോധത്തിനെതിരായ ചിന്താഗതിക്ക് വഴിവെച്ചത്. മാത്രമല്ല, അന്ന് 11 ലക്ഷം കോടി പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ മൂല്യം ഇന്ന് അതിന്റെ ഇരട്ടിയയോളം അധികമാണ്- 89 ശതമാനം. 16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം ചരക്കുസേവനനികുതിയുടെ അടിച്ചേല്‍പിക്കലും വൈകാതെ 2019ലെ കോവിഡും ഇന്ത്യന്‍ ജനതയെ ചെറുതായൊന്നുമല്ല മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്നും അതിന്റെ ആഘാതം തുടരുകയുമാണ്.

Chandrika Web: