ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചതായി നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. നാലു ബോട്ടുകളില്‍ നിന്നായി രക്ഷിച്ച 11 പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്‍ (45), റൊണാള്‍ഡ് റോസ് (40), ജാന്‍ റോസ് (35), ജോണ്‍സണ്‍ (38), ചെവര സ്വദേശി വര്‍ഗീസ് (39), വിഴിഞ്ഞം സ്വദേശികളായ ആന്റണി (45), ബാബു (40), ജോസ് (33), സഹായം (34), വലിയതുറ സ്വദേശികളായ പോള്‍ (48), ബൈജു (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ കണ്ടെത്താനായില്ല. നാലു ഫൈബര്‍ ബോട്ടുകളും പൂര്‍ണമായി തകര്‍ന്നു. മൂന്നു ദിവസങ്ങളിലായി പല പ്രദേശങ്ങളില്‍നിന്നു രക്ഷിച്ച ഇവര്‍ നാവിക സേനയുടെ കപ്പലുകളിലുണ്ടായിരുന്നു. ഐഎന്‍എസ് നിരീക്ഷക്, ഐഎന്‍എസ് ജമുന എന്നീ നാവിക സേന കപ്പലുകളിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഐഎന്‍എസ് കല്‍പ്പേനിയിലാണ് ഇവരെ നാവിക ആസ്ഥാനത്തേക്ക് കൊണ്ടു വന്നത്. ഇന്നലെ ഉച്ചക്ക് 12.20ഓടെ കൊച്ചിയിലെ നേവല്‍ ബേസില്‍ കപ്പലെത്തി. തുടര്‍ന്ന് ഇവരെ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ വാഹനത്തില്‍ ഇവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു.
കൊല്ലത്തെ നീണ്ടകരയില്‍ നിന്ന് കഴിഞ്ഞ 28ന് ഉച്ച കഴിഞ്ഞാണ് ആരോഗ്യമാത എന്ന ബോട്ടില്‍ മുത്തപ്പന്‍, റൊണാള്‍ഡ് റോസ്, ജാന്‍ റോസ്, ജോണ്‍സണ്‍, വര്‍ഗീസ് എന്നിവര്‍ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. പിറ്റേന്നു രാത്രി ഏകദേശം 12.30 ആയതോടെ കനത്ത കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമായി. ഇതിനിടെ ബോട്ടിലെ ഒരു എന്‍ജിന്‍ തകരാറിലായി. കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ ഒരു ദിവസം മുന്നോട്ടു പോകാനാകാതെ അവിടെ കിടന്നു. രണ്ടാം ദിവസം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. രണ്ടാമത്തെ എന്‍ജിനും തകരാറിലായതോടെ മരണത്തെ മുന്നില്‍ കണ്ടുവെന്ന് ജോണ്‍സണ്‍ പറയുന്നു. കരയില്‍നിന്നു പോന്നതില്‍ പിന്നെ ഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവരും തളര്‍ന്നു. കുടിവെള്ളമുണ്ടായിരുന്നത് തീരാതെ കുറച്ചു മാത്രം ഉപയോഗിച്ചു. ഇതിനു ശേഷമാണു നാവിക സേന അധികൃതര്‍ രക്ഷക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് കഴിഞ്ഞ 30ന് ഉച്ചക്ക് ശേഷം മൂന്നിനാണു ഫാത്തിമ മാതാ എന്ന ബോട്ടില്‍ ആന്റണി, ബാബു, നിക്കോളാസ് എന്നിവര്‍ കടലിലേക്ക് പുറപ്പെട്ടത്. രാത്രി 12 കഴിഞ്ഞതോടെ കടല്‍ പ്രക്ഷുബ്ധമായി. കൂറ്റന്‍ തിരമാലകള്‍ അടിച്ചതോടെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായി. വള്ളം മറിഞ്ഞതോടെ ജീവന്‍ രക്ഷിക്കാനായി നീന്തി വള്ളത്തെ പിടിക്കാനുള്ള ശ്രമമായി. ഇതിനിടെ നിക്കോളാസിനെ കാണാതായി. തുടര്‍ന്നായിരുന്നു നാവിക സേനയുടെ ഇടപെടല്‍. വിഴിഞ്ഞത്ത് നിന്നു തന്നെ 29ന് അതിരാവിലെ മൂന്നിനാണു സജിത സജിത്ത് എന്ന ബോട്ടില്‍ നാലംഗ സംഘം പുറപ്പെട്ടത്. അതില്‍ ജോസ്, സഹായം എന്നിവര്‍ തിരികെയെത്തിയപ്പോള്‍ രാജു, സൈറസ് എന്നിവരെ കാണാതായി. പുറപ്പെട്ടതിന്റെ അടുത്ത ദിവസമാണു പ്രശ്‌നങ്ങളുണ്ടായത്. കാറ്റും മഴയും കൂടി തിരമാലകള്‍ അടിച്ചതോടെ വള്ളം മറിഞ്ഞു, രണ്ടു പേരെ കാണാതായി. ഇതിനു ശേഷം രണ്ടാം ദിവസമാണ് നേവി രക്ഷക്കെത്തിയത്. രണ്ടു തൊഴിലാളികള്‍ തിരിച്ചെത്തിയ സെന്റ് ആന്റണീസ് ബോട്ടില്‍നിന്നും രണ്ടു പേരെ കാണാതായിട്ടുണ്ട്. പോള്‍, ബൈജു എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ഡെന്നി, ജെറാള്‍ഡ് എന്നിവരെ കണ്ടെത്താനായില്ല. കഴിഞ്ഞ 30നാണ് ഇവര്‍ വലിയതുറയില്‍ നിന്നു പുറപ്പെട്ടത്. അന്നു വൈകുന്നേരം ആറുവരെ നാലു പേരും ഒപ്പമുണ്ടായിരുന്നു. കാറ്റിലും മഴയിലും വള്ളം മറിഞ്ഞപ്പോള്‍ നീന്തി വന്നു വള്ളത്തില്‍ എല്ലാവരും പിടിച്ചു. ഇതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ അവരെ കാണാതാവുകയായിരുന്നുവെന്ന് ബൈജു പറഞ്ഞു.