ഒറ്റ രാത്രിയില്‍ മാറി ചിന്തിക്കുകയായിരുന്നില്ല അമേരിക്കന്‍ ജനത. എട്ടു വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയുള്ള ആലോചിച്ചുറപ്പിച്ചുള്ള വിധിയെഴുത്തു കൂടിയാണ് ട്രംപി്‌ന്റെ വിജയം. അതുകൊണ്ടു തന്നെ ഹിലരിക്കെതിരെ മാത്രമല്ല, ഇത് ഒബാമക്കെതിരെയുള്ള വിധി കൂടിയാണ്. ദേശീയ തലത്തില്‍ തൊഴിലില്ലായ്്മയില്‍ വന്ന കുറവ്, കൊട്ടിഘോഷിക്കപ്പെട്ട് നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ഒബാമ കെയര്‍) എന്നിവയൊന്നും ഡെമോക്രാറ്റുകളെ രക്ഷിച്ചില്ല എന്നു വേണം പറയാന്‍. ഒബാമക്കെതിരെ ട്രംപ് നടത്തിയ വംശീയ പരാമര്‍ശങ്ങള്‍ പോലും യു.എസ് വോട്ടര്‍മാര്‍ ഗൗനിച്ചില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടു തെരഞ്ഞെടുപ്പുകളിലും ഒബാമ ജയിച്ച ഓഹിയോയില്‍ ട്രംപ് വിജയിച്ചപ്പോള്‍ തന്നെ വരാനിരിക്കുന്ന ചിത്രം വ്യക്തമായിരുന്നു.
2009 ജനുവരി 20നാണ് അമേരിക്കയുടെ 44-ാമത്തെ പ്രസിഡണ്ടായി ഒബാമ ചുമതലയേറ്റത്. അധികാരമേറ്റെടുത്ത ആദ്യ നൂറു ദിനം തന്നെ ഇറാഖില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിക്കാനും ഗോണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനും ഉത്തരവിട്ട് ഒബാമ മാധ്യമശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2012ല്‍ ഒബാമ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമൂഴത്തിലെത്തുന്ന 17-ാമത് യു.എസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ ഉടമ്പടിയുണ്ടാക്കിയതില്‍ വിജയിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം. 2014ലെ തെരഞ്ഞെടുപ്പില്‍ റിപ്ലബ്ലിക്കന്മാര്‍ സെനറ്റില്‍ ഭൂരിപക്ഷം നേടിയത് അദ്ദേഹത്തിന് തിരിച്ചടിയായി. അടുത്ത വര്‍ഷം ജനുവരി 20നാണ് ഒബാമ സ്ഥാനമൊഴിയുന്നത്.