തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ എക്പ്രസ് ഹൈവേ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവേകളാണെന്നും സി.മ്മൂട്ടി. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസ് ഹൈവേയെ കുറിച്ച് ആലോചിച്ചപ്പോള്‍ എല്‍.ഡി.എഫ് ശക്തമായി എതിര്‍ത്തു. എക്‌സ്പ്രസ് ഹൈവേ നിര്‍മിച്ചാല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ നാലുമണിക്കൂറില്‍ എത്താനാകുമായിരുന്നു. അന്നത്തെ സാഹചര്യമല്ല ഇന്ന്. ഇപ്പോള്‍ വസ്തുവിന് വില വര്‍ധിച്ചു. സ്ഥലം ഏറ്റെടുക്കാനും ബുദ്ധിമുട്ടുകളുണ്ട്. സാമൂഹ്യ ആഘാതപഠനം നടത്തേണ്ടതുമുണ്ട്. ഇതിന് കേരളത്തില്‍ ഏജന്‍സികളില്ല. സെന്‍ട്രല്‍ ആക്ട് പ്രകാരമേ സ്ഥലമെടുപ്പ് നടത്താനാവൂ. സ്ഥലമെടുപ്പ് മരീചികയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എലിവേറ്റഡ് ഹൈവേയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. എട്ടുവരിവരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനാകും. ചെലവും കുറവാണ്.
കയ്യേറ്റസ്ഥലങ്ങളും അന്യാധീനപ്പെടുന്ന ഭൂമിയും കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നാടിന്റെ വികസനത്തില്‍ പ്രകടമായി കാണേണ്ടത് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഈ വകുപ്പിന് വേണ്ടത്ര ഫണ്ടില്ല. കിഫ്ബിയിലൂടെയും ഫണ്ട് നല്‍കുന്നില്ല. ആകെ 129 കോടിയാണ് കൊടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിലും റോഡുകളുടെയും പാലങ്ങളുടെയും അടക്കമുള്ള മരാമത്ത് പ്രവര്‍ത്തികളെ യു.ഡി.എഫ് പിന്തുണക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന പദ്ധതികള്‍ തന്നെയാണ് ഇപ്പോള്‍ തുടരുന്നത്. ഇത് തുടര്‍ പദ്ധതികളാണ്. ഒരു വികസനവും ഒരു മുന്നണിക്ക് മാത്രമായി ചെയ്യാനാവില്ല. യു.ഡി.എഫിന്റെ കാലത്ത് ഒന്നും നടന്നില്ലെന്ന വിമര്‍ശനത്തില്‍ അര്‍ത്ഥമില്ല. ചിലയിടങ്ങളില്‍ മാത്രമാണ് മരാമത്ത് പ്രവര്‍ത്തികള്‍ നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനുമാവില്ല. കണ്ണൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്‍പെടെ എല്ലായിടത്തും വികസനം നടന്നിട്ടുണ്ട്.
രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ച്ചപ്പാടാണ് വേണ്ടത്. എന്നാല്‍ എല്‍.ഡി.എഫുകാര്‍ ഇപ്പോഴും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ഉള്ളകാര്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നിയമസഭയില്‍ അദ്ദേഹത്തിനെതിരെ സി.പി.എം പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. സ്പീക്കര്‍ അനുമതി നല്‍കിയാല്‍ യു.ഡി.എഫ് ഭരണകാലത്തെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രമിറക്കാന്‍ തയാറാണെന്നും മമ്മൂട്ടി പറഞ്ഞു.
എത്രയോ റോഡുകളും പാലങ്ങളുമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മിച്ചത്. 245 പാലങ്ങള്‍ നിര്‍മിച്ചു. ഫ്‌ളൈഓവറുകളും നിര്‍മിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് അടുത്ത സര്‍ക്കാര്‍. വിശാലമായ കാഴ്ചപ്പാടോടെ വികസനത്തെ കാണണം.
ബി.പി.എല്ലിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു. ഇത് പരിശോധിക്കണം. അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ ആനുകൂല്യം കിട്ടുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണം. മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗ്രാമസഭകളല്ല. ഇതിനായി സര്‍വേകള്‍ നടത്തിയിട്ടും കാര്യമില്ല. യോഗ്യതയുള്ളവരെ നിയോഗിച്ച് പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.