തിരുവനന്തപുരം: നാട്ടുകാരില്‍ നിന്ന് പിടിച്ച കായല്‍മീന്‍ വീട്ടില്‍ കൊണ്ടു പോകുകയും മറിച്ചു വില്‍ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐമാരെയാണ് സ്ഥലം മാറ്റിയത്. പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. റൂറല്‍ എസ്പിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

കഠിനംകുളം കായലില്‍ നിന്ന് വലവീശിപ്പിടിച്ച കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മത്സ്യങ്ങള്‍ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍, ഏതാനും സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായിരുന്നത്.

സംഭവം വിവാദമായതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട എ.ഐക്കെതിരെ നടപടിയെടുത്തില്ല എന്ന വിമര്‍ശനവുമുണ്ട്.