Connect with us

Culture

സാമ്പത്തിക പ്രതിസന്ധി: ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അലംഭാവമാണെന്ന് ആരോപിച്ച് പ്രതിപക്ഷം  നിയമസഭയില്‍ നിന്നു ഇറങ്ങിപ്പോയി. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

കഴിഞ്ഞ മൂന്നുമാസമായി ട്രഷറിയില്‍ സ്തംഭനമാണെന്നും മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. പണമിടപാടുകള്‍ നടക്കുന്നില്ല. അംഗന്‍വാടികളിലെ കുട്ടികളുടെ ഭക്ഷണത്തിന്റെ ബില്ലുകള്‍ പോലും മാറുന്നില്ല. ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ ക്ഷണിക്കാതായിട്ട് 10 മാസമായി.

ജി.എസ്.ടിയിലെ അവ്യക്തത കാരണം നിര്‍മാണക്കരാറെടുക്കാന്‍ നേരത്തെ തന്നെ കരാറുകാര്‍ തയാറാകുന്നുണ്ടായിരുന്നില്ല. ഇതിന് പുറമെ നേരത്തെ ചെയ്ത പ്രവൃത്തിയുടെ ബില്ലുകള്‍ മാറാത്തതിനാല്‍ കരാറുകാര്‍ ടെണ്ടറുകളില്‍ പങ്കെടുക്കുന്നില്ല. ഇത് കാരണം പാലങ്ങളുടെ നിര്‍മാണം അടക്കമുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുകയാണ്. ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് ജി.എസ്.ടിയെ തള്ളിപ്പറയുകയുമാണ് ധനമന്ത്രി ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും അതിന്റെ ഗൗരവം മനസ്സിലാകാതെ ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളം കണ്ട ഏറ്റവും കൗശലക്കാരനായ ധനമന്ത്രിയാണ് ഐസക്കെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്നും ധനസ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്ക വേണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരവും ചെലവും തമ്മിലുള്ള അന്തരം കൂടിയതാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. 22 ശതമാനം ചെലവ് വര്‍ധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 7.6 ശതമാനം മാത്രമാണ്. ജി.എസ്.ടി നടപ്പാക്കിയ രീതി സംസ്ഥാനത്തെ ബാധിച്ചു. ഇതിനൊപ്പം വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൂടി കൊണ്ടുവന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി, ധവളപത്രം ഇറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോകുകയുമായിരുന്നു. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് ധനസ്ഥിതി തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ കക്ഷി നേതാക്കളായ ഡോ. എംകെ മുനീര്‍, അനൂപ് ജേക്കബ് എന്നിരും സംസാരിച്ചു. കേരള കോണ്‍ഗ്രസ് എമ്മും വാക്കൗട്ടില്‍ പങ്കെടുത്തു.

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending