വാഷിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച് നിയമനിര്‍മാണം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധനം ചെയ്ത് പറഞ്ഞു. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. കുടിയേറ്റ വിഷയത്തില്‍ തന്റെ മുന്‍ നിലപാട് ട്രംപ് ആവര്‍ത്തിച്ചു.

അമേരിക്കക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു മാത്രം കുടിയേറ്റം അനുവദിച്ചാല്‍ മതി. അമേരിക്കന്‍ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റം മാത്രമേ അനുവദിക്കാനാകൂ. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.നിയമാനുസൃതമായി അമേരിക്കയിലേക്കു കുടിയേറിയ കുടുംബങ്ങളിലെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും. അമേരിക്കയില്‍ 12 വര്‍ഷം വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച നികുതി പരിഷ്‌കാരമാണ് ഒരുവര്‍ഷത്തിനിടെ അമേരിക്കയില്‍ നടപ്പാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.

മെക്‌സികോയുമായി അതിര്‍ത്തി പങ്കിടുന്ന സൗത്ത് മേഖലയില്‍ മതില്‍ നിര്‍മിക്കും. കുറ്റവാളികളും തീവ്രവാദികളും രാജ്യത്തേക്ക് പ്രവേശിക്കാനുള്ള എല്ലാ വഴികളും അടക്കേണ്ടത് ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്. കുറ്റവാളികളെ പിടിക്കുക വിട്ടയക്കുക എന്ന തത്വം ഇല്ലാതാക്കിയേ മതിയാവൂ. ട്രംപ് വ്യക്തമാക്കി. വിസാ നിയമത്തില്‍ കര്‍ശന ഇടപെടല്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് കൂടുതല്‍ വിസ നല്‍കുന്ന നടപടികള്‍ക്ക് മാറ്റം വരുത്തും.

രാജ്യത്തിന്റെ സാമ്പത്തിക നിലയും സുരക്ഷയും ഉറപ്പാക്കി മാത്രമേ വിസ അനുവദിക്കുകയുള്ളു. കഴിഞ്ഞ 30 വര്‍ഷമായി രാജ്യം നേരിട്ട വെല്ലുവിളി കുടിയേറ്റമായിരുന്നു. എല്ലാ ന്യൂനതകളും പരിഹരിക്കും. ട്രംപ് വ്യക്തമാക്കി.