തിരുവനന്തപുരം: പ്രളയമുണ്ടായി 100 ദിവസം പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണത്തിന്റെ രൂപരേഖ പോലും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത് പതിരായ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടിയന്തര ധനസഹായമായ 10,000 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും ഒരു രൂപയുടെ പോലും ധനസഹായം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും 10 ലക്ഷം രൂപ പലിശരഹിത വായ്പയായി ബാങ്കുകളില്‍ നിന്ന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഒരു വ്യാപാരിക്കും ഈ വായ്പ ലഭിച്ചിട്ടില്ല.

വാഗ്ദാനങ്ങള്‍ എവിടെ പോയെന്നെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് പറയേണ്ടതുണ്ട്. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ വഴി അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ വാഗ്ദാനവും പൂര്‍ണമായും പാലിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നഷ്ടക്കണക്കില്‍ പോലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്കുകളും ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കുകളിലും വലിയ വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.