ലോക്‌സഭയില്‍ ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളിച്ചത് വിവാദമായി.

സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയെ ക്ഷണിച്ചതും ബിജെപി എംപിമാര്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ തുടങ്ങുകയായയിരുന്നു. ജയ് ശ്രീറാമിനെ പുറമേ ‘വന്ദേമാതരം’ വിളികളും ബിജെപി എംപിമാര്‍ നടത്തി. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ഒവൈസി നേരിട്ടത്.
രംഗം ശാന്തമായ ശേഷമാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞ വാചകം ചൊല്ലി തീര്‍ന്നതും ബിജെപി എംപിമാരുടെ ‘ജയ് ശ്രീറാം’ വിളികള്‍ക്കും ‘വന്ദേമാതരം’ വിളികള്‍ക്കും മറുപടി നല്‍കാനും ഒവൈസി മറന്നില്ല. സത്യപ്രതിജ്ഞ വാചകം പൂര്‍ത്തിയാക്കിയ ശേഷം ‘ജയ് ഭീം, ജയ് ഭീം, തക്ബീര്‍ അള്ളാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്ന് കൂടി ഒവൈസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒവൈസി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ചില ബിജെപി എംപിമാര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഹൈദരാബാദില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയാണ് ഒവൈസി എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് ഒവൈസി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പറഞ്ഞു.